
പാലക്കാട്: ഒറ്റപ്പാലം19-ാം മൈൽ ഹൗസിംഗ് ബോർഡ് കോളനിയിൽ റോഡരികിലെ പുല്ല് വെട്ടുന്നതിനിടെ സ്ഫോടനം. തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് പരിക്കേറ്റു. പാലപ്പുറം എസ്.ആർ.കെ നഗർ തങ്കം നിവാസിൽ ബിന്ദു (40)വിനാണ് പരിക്കേറ്റത്. ഇന്നലെ മൂന്നരയോടെയായിരുന്നു സംഭവം.
ഹൗസിംഗ് ബോർഡ് കോളനിയിൽ 15 തൊഴിലുറപ്പ് തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ആൾ താമസമില്ലാത്ത വീടിന്റെ മതിലിന് സമീപത്തെ പുല്ല് ബിന്ദു വെട്ടി തെളിക്കുന്നതിനിടെ സ്ഫോടനം ഉണ്ടാകുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. പുക ഉയർന്നതിന് പിന്നാലെ ബിന്ദുവിന്റെ കൈകളിൽ നിന്ന് ചോരയൊലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബിന്ദുവിനെ ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൈ വിരലുകൾക്ക് പരിക്കുള്ളതിനാൽ ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഫോടന കാരണം വ്യക്തമായിട്ടില്ല. സംഭവം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. സി.ഐ എം.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സ്ഥലത്ത് നിന്ന് നൂൽ, സെല്ലോ ടേപ്പിന്റെ അംശങ്ങൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. സയന്റിഫിക് വിദഗ്ധർ ഇന്ന് സ്ഥലത്ത് പരിശോധന നടത്തിയശേഷം മാത്രമേ സ്ഫോടനം നടന്ന വസ്തു എന്താണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.