dog
കോഴിക്കോട് ബീച്ചിൽ അലഞ്ഞു നടക്കുന്ന നായകൾ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. തെരുവുനായയുടെ കടിയേറ്റ് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മ മരിച്ചതിനെ തുടർന്നുണ്ടായ സംശയങ്ങളാണ് ഭീതി വർദ്ധിപ്പിക്കുന്നത്.

എ.ബി.സി പദ്ധതി ഉൾപ്പടെ നടപ്പാക്കിയിട്ടും തെരുവുനായ ശല്യം കുറയ്ക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. പദ്ധതിയുടെ ഗുണം ലഭിക്കാൻ ആറ് മുതൽ എട്ട് വർഷം വരെ വേണ്ടിവരുമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ബീച്ച് , വലിയങ്ങാടി, കല്ലായി, പന്നിയങ്കര, ഭട്ട് റോഡ്, മെഡിക്കൽ കോളേജ്, മാങ്കാവ്, ഗോവിന്ദപുരം, ടൗൺഹാൾ റോഡ് എന്നിവടങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. മാലിന്യം തള്ളുന്ന റോ‌ഡരികുകളിലാണ് തെരുവുനായകൾ കൂടുതലുള്ളത്.

നഗരത്തിൽ നിരവധി പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി പൂളക്കടവിൽ രണ്ടു വർഷമായി ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രിയിൽ ഇതുവരെ പതിനായിരത്തോളം തെരുവുനായകളെ വന്ധ്യംകരിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ ആശുപത്രിയിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത് മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്തുതന്നെ വിടുകയാണ് ചെയ്യുന്നത്.

തെരുവുനായപ്പെരുപ്പത്തെ നിയന്ത്രിയ്ക്കാൻ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. തെരുവുനായകളെ ദത്ത് കൊടുക്കുന്ന പദ്ധതിയ്ക്ക് തുടക്കത്തിൽ ലഭിച്ച സ്വീകാര്യത ഇപ്പോഴില്ല. ഡോഗ് പാർക്ക് പോലുള്ള സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നഗരപരിധിയിൽ 2018ലെ സർവേ പ്രകാരം നഗരപരിധിയിൽ 13,182 തെരുവുനായ്ക്കളുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിനുശേഷം നായകളുടെ എണ്ണം തെരുവുകളിൽ വ‌ർദ്ധിച്ചിട്ടുണ്ട് . പിന്നീട് സർവേ ഉണ്ടായിട്ടുമില്ല. കോർപ്പറേഷനിൽ മാത്രമല്ല, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എ.ബി.സി.സെന്ററുകൾ അത്യാവശ്യമാണ്.

@ മാലിന്യ നിർമാർജനം വേണം

ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് തെരുവ് നായപ്പെരുപ്പത്തിന് പ്രാധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാലിന്യങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് തെരുവുനായകളുടെ എണ്ണവും കൂടുതലുള്ളത്. കോർപ്പറേഷൻ അഴക് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും മാലിന്യസംസ്കരണത്തിൽ നഗരത്തിന് ഇനിയും മുന്നേറേണ്ടതുണ്ട്.