hospital
ബീച്ച് ആശുപത്രി

കോഴിക്കോട്: പണം അനുവദിച്ചിട്ടും സാങ്കേതികാനുമതിയിൽ ഉടക്കി ബീച്ച് ഗവ. ജനറൽ ആശുപത്രി വികസനം. 2020ലാണ് കിഫ്ബി വഴി 86 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ വർഷം രണ്ടായിട്ടും ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞില്ല. ആശുപത്രി വികസനം നടപ്പാക്കുമെന്ന് മന്ത്രി വീണാജോർജ് ഇന്നലെയും നിയമസഭയിൽ ആവർത്തിച്ചു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാവും പുതിയവ നിർമ്മിക്കുക. കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ സബ്മിഷന് മറുപടി

നൽകവെ മന്ത്രി വ്യക്തമാക്കി. എന്നാൽ സാമ്പത്തികാനുമതി നൽകിയതായി മന്ത്രി പറയുമ്പോഴും

സാങ്കേതിക അനുമതി വൈകുന്നതിലെ ദുരൂഹത തുടരുകയാണ്.

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വികസന പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. സർജിക്കൽ ബ്ലോക്ക്, അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, അമിനിറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ബീച്ച് ആശുപത്രി വികസനം. ഇൻകലിനാണ് നിർവഹണ ചുമതല.

@ സർജിക്കൽ ബ്ലോക്ക്
എട്ടു നിലകളിലായാണ് സർജിക്കൽ ബ്ലോക്ക് ഉയരുക. താഴത്തെ നിലയിൽ അത്യാഹിത. വിഭാഗം, എം.ആർ.ഐ സ്‌കാനിംഗ്, സി.ടി.സ്‌കാൻ, എമർജൻസി ഓപ്പറേഷൻ തിയറ്റർ, സ്‌ട്രോക് ഐ.സി.യു, 12കിടക്കകളുള്ള ഒബ്‌സർവേഷൻ വാർഡ്, മോർച്ചറി തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.

രണ്ടു മുതൽ അഞ്ചുവരെയുള്ള നിലകളിലായി ആറു വീതം കിടക്കകളുള്ള പത്ത് വാർഡുകൾ വീതം 240 ബെഡുകൾ ഈ സമുച്ചയത്തിൽ ഒരുക്കും. 36 പേവാർഡുകളുമുണ്ടാവും.

ആറാം നിലയിൽ പൂർണമായും ഐ.സി.യു സംവിധാനമായിരിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും പത്ത് ബെഡ് വീതമുള്ള രണ്ട് ഐ.സി.യു സജ്ജീകരിക്കും.

ഏഴാംനിലയിൽ ആറ് ഓപ്പറേഷൻ തിയറ്ററുകൾ ഒരുങ്ങും. പത്ത് കിടക്കകൾ വീതമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഡോർമിറ്ററി സൗകര്യവുമുണ്ടാവും. എട്ടാം നില പൂർണമായും ലബോറട്ടറി കോംപ്ലക്‌സായിരിക്കും. ഒപ്പം സ്റ്റെറിലൈസേഷൻ യൂണിറ്റും. എല്ലാ നിലകളിലും വേഗത്തിലെത്താൻ ലിഫ്റ്റുകളുമുണ്ടാവും.


@ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്
താഴത്തെ നിലയിൽ ഡെർമറ്റോളജി ഒ.പിയും അതിന്റെ അനുബന്ധ സൗകര്യങ്ങളും ക്രമീകരിക്കും. ഒന്നാം നിലയിൽ സൂപ്രണ്ടിന്റെ ഓഫീസും രണ്ടാം നിലയിൽ മെഡിക്കൽ റിക്കോർഡ് ലൈബ്രറിയും കോൺഫറൻസ് ഹാളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

@ അമിനിറ്റി ബ്ലോക്ക്
ഫുഡ് കോർട്ടുൾപ്പെടെയുള്ള സൂപ്പർ മാർക്കറ്റിനു പുറമെ നീതി മെഡിക്കൽ സ്റ്റോർ, കാരുണ്യ മെഡിക്കൽ സ്റ്റോർ എന്നിവയും കൂട്ടിരിപ്പുകാർക്കുള്ള ഡോർമിറ്ററി സംവിധാനവും ബ്ലോക്ക് ഒരുക്കും.