കോഴിക്കോട്: മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്. ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണം, മാലിന്യ സംസ്‌കരണം എന്നിവ ഒരു മൊബൈൽ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും ഈ ആപ്പ് വഴി നടപ്പാക്കാൻ കഴിയും. മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്‌ക്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽസമയം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിംഗ് സിസ്റ്റം പ്രവർത്തിക്കുക. പ്രത്യേകമായി തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് വഴി ഓരോ വീടും ബന്ധിപ്പിക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ക്യു ആർ കോഡ് പതിക്കുന്നുണ്ട്. ഹരിത സേന പ്രവർത്തകരുടെ മൊബൈൽ ആപ്പിൽ കുടുംബത്തിന്റെ വിവരങ്ങൾ നൽകും. വീട്ടുകാർക്കും മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഹരിത മിത്രം; പരിശീലനം നൽകി

കോഴിക്കോട്: ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പരിശീലന പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റോസിലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ പി.എസ് ബിജി, ജോസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. കെൽട്രോൺ പഞ്ചായത്ത് പ്രൊജ്ര്രക് അസിസ്റ്റന്റ് എ.എസ് അജ്ഞന പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി.

ഹരിതമിത്രം ആപ്പിലൂടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.