കോഴിക്കോട്: രണ്ടുവർഷത്തിലധികമായി നിർത്തിവെച്ച വലിയ വിമാന സർവീസ് ആരംഭിക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു. 2020 ആഗസ്റ്റ് 7ലെ വിമാനാപകടത്തിന് ശേഷമാണ് വലിയ വിമാന സർവീസ് നിറുത്തലാക്കിയത്. സ്ഥലം സന്ദർശിച്ച അന്നത്തെ വ്യോമയാന മന്ത്രിയും ഡി.ജി.സി.എയും നിലവിലെ റൺവേ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിന് അനുയോജ്യമാണെന്ന് പറഞ്ഞിരുന്നു. എമിറേറ്റ്‌സ് പോലെയുള്ള വിമാന കമ്പനികൾ അവരുടെ സാങ്കേതിക വിദഗ്ദ്ധ ടീമുകൾ പരിശോധിച്ച് സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചിട്ടും അധികാരികൾ അനുമതി നൽകുന്നില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തി വലിയ വിമാന സർവീസും ഹജ്ജ് എംപാർക്കേഷനും കരിപ്പൂരിൽ പുനസ്ഥാപിക്കണമെന്നും മലബാറിന്റെ സമഗ്ര വികസനത്തിന് കൂടുതൽ ആഭ്യന്തര അന്തർദേശീയ സർവീസുകൾ ആരംഭിക്കണമെന്നും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ.എം.കെ അയ്യപ്പൻ, ട്രഷറർ എം.വി കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.