 
മുഴുവൻ വീട്ടുകാർക്കും സോക്ക് പിറ്റ്
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. ഇതിനായി പഞ്ചായത്തിലെ മലിനജലം പുറത്തേക്കൊഴുകുന്ന മുഴുവൻ വീട്ടുകാർക്കും സോക്ക് പിറ്റ് നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലിനജലം സംസ്കരിക്കുന്നതിനായി പഞ്ചായത്തിലെ എട്ടാം വാർഡിൽ പൈലറ്റ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതി വിജയിച്ചാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വ്യാപിപ്പിക്കും. എട്ടാം വാർഡിൽ ആകെ 460 വീടുകളാണുള്ളത്. ഇവയിൽ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന വീടുകളെ കണ്ടെത്തുന്നതിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സർവേ നടത്തും. സർവേയിലൂടെ കണ്ടെത്തുന്ന വീട്ടുകാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി 10000 രൂപ യൂണിറ്റ് ചെലവ് കണക്കാക്കി സോക്ക് പിറ്റ് നിർമിച്ച് നൽകും. ഇതിനായി ഏകീകൃതമായ വായ്പ സംവിധാനവും ഒന്നിച്ചു സാധനസാമഗ്രികൾ വാങ്ങുന്നതിനും സൗകര്യം ഒരുക്കും. പ്രാദേശികമായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് നിർമാണ പ്രവർത്തനം നടത്തുക. ഇതിനായി വിദഗ്ധ തൊഴിൽ ചെയ്യുന്നതിന് വാർഡിലെ 10 സ്ത്രീകൾക്ക് സൗജന്യ പരിശീലനം നൽകും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ആലോചന യോഗം നടന്നു. വാർഡ് മെമ്പർ എ.കെ ബിജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് ഓവർസിയർ പി.കെ മുഹമ്മദ്, കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് വി.കമല, സി.ഡി.എസ് മെമ്പർ ടി.പി റീജ എന്നിവർ പ്രസംഗിച്ചു.
സോക്ക് പിറ്റ്
റിംഗ് ഉപയോഗിച്ചും ഇഷ്ടിക ഉപയോഗിച്ചും സോക്ക് പിറ്റ് നിർമ്മിക്കാം. ഇതിന് മുകളിലായി സ്ലാബിട്ട് മൂടും. അടുക്കളയിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് മലിന ജലം സോക്ക് പിറ്റിലേക്ക് ഒഴുക്കി വിടും. ഇത് കൊതുക് പെരുകുന്നത് കുറയാൻ സഹായിക്കും.