കുന്ദമംഗലം: തൂശനിലയിൽ വിളമ്പാൻ നല്ല നാടൻ പപ്പടം ഇല്ലെങ്കിൽ എന്ത് ഓണാഘോഷം. ചോറും നെയ്യും പരിപ്പും കൂട്ടി കുഴച്ചുണ്ണാനും പായസത്തിനൊപ്പം പൊടിച്ച് അൽപം അകത്താക്കാനും നാടൻ പപ്പടമാണ് പലരുടേയും പ്രിയം.എന്നാൽ ഇത്തവണ ഓണത്തിന് നാടൻ പപ്പടം കുഴച്ച് ഓണസദ്യകഴിക്കാൻ കുറച്ച് പാട് പെടും. വളരെ പ്രയാസപ്പെട്ട് കൈകൊണ്ട് ഉരുട്ടിയെടുത്ത് പപ്പടമുണ്ടാക്കുന്നതും റോഡരികിൽ പപ്പടം ഉണക്കാനിടുന്നതൊക്കെ ഇപ്പോൾ പഴങ്കഥയായി മാറി. പപ്പട നിർമ്മാണ രംഗത്തേക്ക് വൻകിടക്കാർ ചേക്കേറിയതോടെ പപ്പടനിർമ്മാണം കൈത്തൊഴിലായി സ്വീകരിച്ച ആളുകൾ പലരും തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുകയാണ്. യന്ത്ര സഹായത്തോടെയാണ് വ്യവസായിക അടിസ്ഥാനത്തിലുള്ള പപ്പട നിർമ്മാണം.
തലമുറകളായി പപ്പട നിർമാണം നടത്തി വരുന്ന നിരവധി കുടുംബങ്ങളാണ് ജില്ലയിലുള്ളത്.
ദിവസേന എല്ലുമുറിയെ പണിയെടുത്ത് പപ്പടമുണ്ടാക്കി കുടുംബം പുലർത്തിയിരുന്നവരായിരുന്നു ഇവർ. എന്നാൽ ഈരംഗത്ത് ആധുനിക യന്ത്രസംവിധാനങ്ങൾ വ്യാപകമാവുകയും കുറഞ്ഞകൂലിക്ക് ജോലിചെയ്യാൻ അന്യസംസ്ഥാനതൊഴിലാളികൾ കടന്നുവരുകയും ചെയ്തതോടെ വർഷങ്ങളായി പപ്പടതൊഴിൽ ചെയ്തവരുടെ കുടുംബം പട്ടിണിയിലായി. ഇന്ന് വളരെക്കുറച്ച്പേർ മാത്രമേ കൈകൊണ്ട് ഈ തൊഴിൽ ചെയ്യുന്നുള്ളു.
യന്ത്രങ്ങളുടെ വരവോടെ ഒരുദിവസം എത്ര പപ്പടം വേണമെങ്കിലും നിർമ്മിക്കാമെന്ന സ്ഥിതിയിലായി. അതോടെ മാർക്കറ്റ് പിടിക്കുവാൻ വിലകുറച്ചും കച്ചവടക്കാർക്ക് കൂടുതൽ കമ്മീഷൻ നൽകിയും വൻകിട പപ്പടകമ്പനികൾ മത്സരിക്കുകയാണ്. ഇതിനിടയിൽ വിലകുറച്ച് നൽകുവാൻ കഴിയാതെ കൈകൊണ്ട് പപ്പടം നിർമ്മിച്ചുനൽകുന്നവർ മാർക്കറ്റിൽനിന്ന് പിൻവലിയേണ്ടിവരികയാണ്.
പപ്പട നിർമ്മാണം
നിശ്ചിത അനുപാതത്തിൽ പപ്പടക്കാരവും ഉപ്പും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ഉഴുന്നുമാവിൽ ചേർത്ത് കുഴച്ച് ആട്ടുകല്ലിലിടിച്ച് പാകമാക്കിയ മാവ് ഉരുളകളാക്കി പരത്തിയാണ് പരമ്പരാഗതരീതിയിൽ പപ്പടം നിർമ്മിച്ചിരുന്നത്. പരസ്പരം ഒട്ടിപ്പോകാതിരിക്കുവാൻ പൂളപ്പൊടിയും ചേർക്കും. ശേഷം വെയിലത്തിട്ട് ഉണക്കി കവറുകളിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്. ആരോഗ്യമുള്ള രണ്ടുപേരുണ്ടെങ്കിൽ നാലായിരം പപ്പടം ഒരു ദിവസം നിർമ്മിക്കാൻ സാധിച്ചിരുന്നു.
മായം ചേർക്കുന്നവരും കുറവല്ല
പപ്പടത്തിൽ മായം ചേർക്കുന്നവരും രംഗത്തുണ്ട്. ഉഴുന്നുപൊടിക്കൊപ്പം മൈദയും അരിപ്പൊടിയുമാമഅ ഇവട ചേർക്കുന്നത്. സാധാരണ പപ്പട നിർമാണത്തിന് സോഡിയം ബൈ കാർബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക. എന്നാൽ സോഡിയം കാർബണേറ്റ് അടങ്ങിയ അലക്കുകാരമാണ് പലരും ചേർക്കുന്നത്. ഇതിന്റെ തുടർച്ചയായ ഉപയോഗം കാൻസറിനുവരെ കാരണമായേക്കാമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വെളിപ്പെടുത്തുന്നത്. സാധാരണ കാരം ഉപയോഗിച്ച് പപ്പടം നിർമിക്കുമ്പോൾ മൂന്നോ നാലോ ദിവസം മാത്രമേ കേടുകൂടാതെ സൂക്ഷിക്കാനാകൂ. അതേ സമയം അലക്കുകാരം ഉപയോഗിച്ചാൽ പപ്പടം കാച്ചുമ്പോൾ ചുവക്കില്ലെന്നു മാത്രമല്ല ഒന്നര ആഴ്ച വരെ കേടാകാതെ ഇരിക്കും. വീടുകളിലും മറ്റുമുള്ള ചെറുകിട പപ്പട നിർമാതാക്കളിൽ ഭൂരിഭാഗംപേർക്കും ഇതിന്റെ ദോഷവശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല.
ഷാജിതുവ്വക്കുന്നത്ത്:-(നാൽപ്പത് വർഷത്തോളം പപ്പടനിർമ്മാണതൊഴിലാളിയായിരുന്നു. വൻകിടക്കാരുടെ വരവോടെ തൊഴിൽ ഉപേക്ഷിച്ചു) ഇപ്പോൾ വീടുകളിൽ പഴയകാലത്തെപ്പോലെ പപ്പടം ഉപയോഗിക്കുന്നില്ല. സദ്യകളിൽ മാത്രമാണ്പപ്പടത്തിന്റെ ആവശ്യം. കൈകൊണ്ട് പപ്പടം നിർമ്മിച്ച് ഇനി ആർക്കും ഉപജീവനം നടത്താനാവില്ല. പപ്പടത്തിൽ മായം ചേർക്കുന്നവരെ പിടികൂടാൻ അധികൃതർ ആർജ്ജവം കാണിക്കണം.പപ്പടതൊഴിലാളികളുടെ കൂലി കാലാനുസൃതമായി പരിഷ്ക്കരിക്കണം..