
@ പദ്ധതിക്ക് തുടക്കം കുറിച്ചത് പിലാശ്ശേരിയിൽ
@പ്രവർത്തനം ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്ലിക്കേഷൻ വഴി
കുന്ദമംഗലം: കുന്ദമംഗലം ഇനി ക്ലീനാകും. സമ്പൂർണ മാലിന്യ വിമുക്ത കേരളത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പഞ്ചായത്തിൽ ആരംഭിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ പിലാശ്ശേരിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവർത്തിക്കുക. ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണവും മാലിന്യ സംസ്കരണവും ഇനി മുതൽ ഒരു മൊബൈൽ ആപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും ഈ ആപ്പ് വഴി നടപ്പാക്കാൻ സാധിക്കും. ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കെൽട്രോണാണ് ആപ്പ് തയ്യാറാക്കിയത്. പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുബൈദ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ, വി.ഇ.ഒ ബിന്ദു, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, കെൽട്രോൺ പ്രൊജക്റ്റ് മാനേജർ മിജിത്ത്, ജില്ലാ കോർഡിനേറ്റർ വൈശാഖ് , ഹരിത കർമ്മസേന വൈസ് പ്രസിഡന്റ് ഗിരിജ എന്നിവർ പ്രസംഗിച്ചു.
ആപ്പ് ശേഖരിക്കും മാലിന്യം
അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലാക്കുകയാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷന്റെ ലക്ഷ്യം.ഹരിതകർമ സേനാംഗങ്ങൾ ഈ ആപ് ഡൗൺലോഡ് ചെയ്ത് വീടുകളിലും കടകളിലും വിവരശേഖരണം നടത്തും. ശേഷം വീടുകളിൽ ക്യു ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യു ആർ കോഡിൽ പുതുക്കാൻ കഴിയും.വീട്ടുകാർക്കും മൊബൈൽ ആപ് വഴി പണം നൽകാനും കൂടുതൽ സേവനങ്ങൾ ആവശ്യപ്പെടാനും കഴിയും.
ഹരിതമിത്രം ആപ്പിലൂടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും''- ലിജി പുൽകുന്നുമ്മൽ, പഞ്ചായത്ത് പ്രസിഡന്റ്