 
കോഴിക്കോട്: ഇംഗ്ലണ്ട് ആസ്ഥാനമായ എഫ്.എ സ്പോർട്സ് മാനേജ്മെന്റും ഡ്രീം ഹോപ്സും സംയുക്തമായി ദേവഗിരി ക്യാമ്പസിൽ നടത്തിയ ഫുട്ബാൾ ട്രയൽസിൽ മലപ്പുറം ഐക്കരപ്പടി സ്വദേശി എൻ. പി. അക്ബർ സിദ്ദിഖിനെ മോറേ കാംപേ എഫ്.സി പരിശീലനത്തിന് തിരഞ്ഞെടുത്തു. സംഘാടകരും അക്ബർ സിദ്ദിഖും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. പരിശീലന കാലത്തെ പ്രകടനം വിലയിരുത്തിയാകും ക്ലബിൽ കളിക്കാൻ അവസരം. ആയിരത്തോളം അപേക്ഷകരിൽ നിന്നും ദേവഗിരി ക്യാമ്പസിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ട്രയൽസിൽ നിന്നും 50 പേരെ സെലക്ഷൻ റൗണ്ടിൽ എത്തിച്ചു. ഇതിൽ നിന്നാണ് 22കാരനായ അക്ബർ സിദ്ദിഖിനെ തെരഞ്ഞെടുത്തത്. ക്യാമ്പിലെ മികച്ച കളിക്കാരനെ രണ്ട് മിനിറ്റ് കൊണ്ടാണ് തിരഞ്ഞെടുത്തതെന്ന് എഫ് എ സ്പോർട്സ് മാനേജ്മെന്റ് സി.ഇ.ഒ ആരിഫ് ബാർബറെ പറഞ്ഞു. 50 പേരിൽ മികച്ച കളിക്കാരുണ്ട്. ഇവർക്കും നാട്ടിൽ പരിശീലനം നൽകാനുള്ള മാർഗം തേടുന്നുണ്ടെന്നും അടുത്ത തവണ കേരള ഫുട്ബാൾ അക്കാദമിയുമായി സഹകരിച്ച് ഇത്തരം കാര്യം ചെയ്യാമെന്നും മെഹ്റൂഫ് മണലൊടി പറഞ്ഞു. ആറാം വയസിൽ ഫുട്ബോൾ കളി തുടങ്ങിയ അക്ബർ രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.