news
കുറ്റ്യാടി വയനാട് റോഡിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഭാഗം

കുറ്റ്യാടി: കുറ്റ്യാടി, വയനാട് സംസ്ഥാന പാതയിൽ തൊട്ടിൽ പാലത്തെ പഴയ പൊലീസ് സ്റ്റേഷൻ പരിസരത്തെ റോഡ് തകർന്ന് യാത്ര ദുരിതമായി. റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും പൊട്ടി തകർന്ന് വലിയ കുഴിയായിരിക്കുകയാണ്. ഇതോടൊപ്പം ഇടത് വശത്തെ ഓടംങ്കോട്ട് കുന്നിൻ ഭാഗങ്ങളിൽ നിന്നും ഒഴുകി എത്തുന്ന വെള്ള നടപ്പാതയുടെ മുകളിലൂടെ ഒഴുകിപാതയിലാണ് പതിക്കുന്നത്. ഇതാണ് റോഡ് തകരാനുള്ള പ്രധാന കാരണം. രണ്ട് തവണ കുഴിയടച്ചുവെങ്കിലും വീണ്ടും വന്ന മഴയെ തുടർന്ന് റോഡ് പൊട്ടിപൊളിയുകയായിരുന്നു. ഇതിനിടയിൽ നാട്ടുകാർ കുഴിയടച്ചുവെങ്കിലും റോഡ് വീണ്ടും പഴയപടിയായി മാറി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ശക്തമായി ഒഴുകി എത്തുന്ന വെള്ളം റോഡിലാകെ കനത്ത വെള്ള കെട്ട് ഉണ്ടാവുകയാണ്. അന്തർ സംസ്ഥാനങ്ങളിൽ ഉൾപെടെ നൂറ് കണക്കിന്ന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. ടയറുകൾ കയറി ഇറങ്ങി കരിങ്കൽ ചീളുകളും ടാറിംങ്ങും മാറി പോവുകയും കുഴികളുടെ ആഴം വർദ്ധിക്കുകയുമാണ്. കുഴികളിൽ ഇരുചക്ര മുചക്ര വാഹനങ്ങൾ തെന്നി വീഴുന്നതും വാഹനങ്ങളുടെ ടയറുകളിൽ തട്ടി കരിങ്കൽ തുണ്ടുകൾ പരിസരത്തെ കടങ്ങളിലേക്ക് തെറിച്ചു വീഴുന്നതും പതിവ് കാഴ്ചയാകുകയാണ്. ഈ ഭാഗത്ത് കൂടി കാൽ നട സഞ്ചാരികൾക്ക് യാത്ര ചെയ്യാനും പറ്റാത്ത അവസ്ഥയാണ്.