വാഴയൂർ: മികച്ച കലാസംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ അനീസ് നാടോടിക്ക് വാഴയൂർ സാഫി കോളേജിലെ മാദ്ധ്യമവിഭാഗം സിയാസ് മീഡിയ സ്കൂളും, അലുമ്‌നി കൂട്ടായ്മയായ ഒസ്റയും ചേർന്ന് സ്വീകരണം നൽകി. സിയാസ് മീഡിയ സ്കൂളിന്റെ പൂർവവിദ്യാർത്ഥി കൂടിയായ അനീസ് നാടോടി സുഡാനി ഫ്രം നൈജീരിയ, ലൂക്ക, വരത്തൻ, കപ്പേള തുടങ്ങി 18 ഓളം സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചികോയ അദ്ധ്യക്ഷത വഹിച്ചു. സാഫി ട്രാൻസ്ഫോർമേഷൻ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. അബ്ദുൽറഹിം ഉദ്ഘാടനം ചെയ്തു. സിനിമാസംവിധായകനും നിർമാതാവുമായ സക്കരിയയും സംവിധായകൻ അഷ്‌റഫ് ഹംസയും മുഖ്യാതിഥികളായിരുന്നു. കേണൽ നിസാർ അഹമ്മദ് സീതി, അമീർ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. .
.