 
റെക്കോർഡ് ലൈബ്രറി ജില്ലയിൽ ആദ്യമായി
കൊയിലാണ്ടി: നഗരസഭാ സംബന്ധമായ വിവരങ്ങൾക്കും രേഖകൾക്കും നാട്ടുകാർ ഇനി കാത്തിരിക്കേണ്ട.
നഗരസഭയുടെ സ്വപ്ന പദ്ധതിയായ റെക്കോർഡ് ലൈബ്രറിയിലൂടെ അതിവേഗത്തിൽ രേഖകൾ കൈകളിലെത്തും. 2020 - 2021 വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് റൊക്കർഡ് ലൈബ്രറി പൂർത്തീകരിച്ചത്. പലപ്പോഴും നഗരസഭയിലെത്തുന്നവർ വിവര ശേഖരണത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാൽ റിക്കാർഡ് ലൈബ്രറി പ്രവർത്തനക്ഷമമാകുന്നതോടെ അലസമായ കാത്തിരിപ്പിന് വിരാമമാകും. ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ വായനാമുറിയും ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്ക് മാത്രമല്ല നഗരസഭയിലെത്തുന്ന സാധാരണക്കാർക്കും വായനാമുറി ഉപയോഗപ്പെടുത്താം. ഇത്തരമൊരു സംവിധാനം ജില്ലയിൽ ആദ്യമായാണ് നഗരസഭ നടപ്പിലാക്കുന്നത്. സെപ്തംബർ അഞ്ചാം തിയതി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് റിക്കാർഡ് ലൈബ്രറിയും വായനാമുറിയും ജനങ്ങൾക്കായി തുറന്ന് കൊടുക്കും.
ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ എല്ലാം വായനാമുറിയിൽ ഉണ്ടാകും.മാത്രമല്ല കൂൾ കോളേജ് വിദ്യാർത്ഥികൾക്കും റഫറൻസായി റെക്കോർഡ് ലൈബ്രറി ഉപയോഗപ്പെടുത്താൻ കഴിയും''- അഡ്വ.കെ.സത്യൻ, വൈസ് ചെയർമാൻ
@ലെെബ്രറിയിലുണ്ട്
പഞ്ചവത്സരപദ്ധതിയുടെ ഭാഗമായുള്ള വികസനരേഖകൾ
നഗരസഭയുടെ വിവിധ കാലഘട്ടങ്ങളിലെ വികസന പദ്ധതികൾ
നഗരസഭ ആസൂത്രണം ചെയ്ത ഡി.പി.ആർ
സമഗ്ര മാസ്റ്റർ പ്ളാനുകൾ
കില പ്രസിദ്ധീകരണങ്ങൾ റഫർ ചെയ്യാനുള്ള സൗകര്യം
1995 - മുതൽ നഗരസഭ നടപ്പിലാക്കിയ വികസനപദ്ധതി രേഖകൾ