kozhikode
സംസ്ഥാന സർക്കാരിന്റെ 'ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ്' നമ്മുടെ കോഴിക്കോട് പദ്ധതിയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എ.ഡി.എം സി. മുഹമ്മദ് റഫീഖ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അവാർഡ്. പൊതുനയത്തിലെ ആശയങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡാണ് 'നമ്മുടെ കോഴിക്കോട്' പദ്ധതി കരസ്ഥമാക്കിയത്. ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ട പദ്ധതി വികസന ഇടപെടലുകൾ (ഡെവലപ്പ്‌മെന്റൽ ഇന്റർവെൻഷൻ) എന്ന വിഭാഗത്തിലാണ് അവാർഡ്. 2018, 2019, 2020 വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങളും പുതുമയാർന്ന പദ്ധതികളുമാണ് അവാർഡിന് പരിഗണിച്ചത്. 2018 ജനുവരിയിൽ മാനാഞ്ചിറ മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളുടെയും മുഴുവൻ വകുപ്പുകളുടെയും ഏകോപനത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ടുപോവുന്നത്. എല്ലാ മേഖലകൾക്കും പ്രാധാന്യം നൽകി നിരവധി നൂതന വികസന പദ്ധതി പരിപാടികളും ക്ഷേമ നടപടികളും 'നമ്മുടെ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി ഫലപ്രദമായി ആവിഷ്‌ക്കരിച്ച് നടപ്പിൽ വരുത്തുകയാണ്. മികച്ച ജനപിന്തുണയോടെ മാതൃകാപരമായ നിലയിൽ മിഷൻ കോഴിക്കോട് എന്ന പേരിൽ തയാറാക്കിയ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി.

അങ്കണവാടികളുടെ നവീകരണവും ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കിയ 'ക്രാഡിൽ', കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതും അവരുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി ആരംഭിച്ച 'എനേബിളിങ്ങ് കോഴിക്കോട്', തെരുവിൽ കഴിയുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്തിയ 'ഉദയം', ക്ഷേമഭവനങ്ങളിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള 'ഹാപ്പി ഹിൽ', പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങൾക്ക് ഏകോപനം സാധ്യമാക്കിയ 'കാർബൺ ന്യൂട്രൽ' ഉൾപ്പെടെയുള്ള പരിപാടികൾ മാതൃകകളായി.

ജില്ലയിലെ വിദ്യാർത്ഥികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമേകുകയും ഊർജിതപ്പെടുത്തുകയും ചെയ്ത 'എഡ്യുമിഷൻ', ഒപ്പം മെഗാ പരാതി പരിഹാര അദാലത്ത്, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി തുടക്കമിട്ട 'ഉയരാം ഒന്നിച്ച്', വ്യവസായ മേഖലയിലെ ജനകീയ മുന്നേറ്റങ്ങൾക്കായി രൂപം നൽകിയ 'എന്റർപ്രൈസിംഗ് കോഴിക്കോട്' തുടങ്ങിയവ 'നമ്മുടെ കോഴിക്കോട്' എന്ന ബൃഹദ് പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങിയ പദ്ധതികളാണ്. കൂടാതെ, വ്യക്തിശുചിത്വം, മാലിന്യപരിപാലനം, ആരോഗ്യകരമായ ജീവിത ശൈലി, മാനസികാരോഗ്യം, കാൻസർ ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചുള്ള നിരവധി ബോധവത്കരണ ക്യാമ്പയിൻ പരിപാടികൾക്കും ഊന്നൽ നൽകി.

ഭരണകൂടവും പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമവും ഫലപ്രദമാക്കുന്നതിന് പൗരരെയും ഉദ്യോഗസ്ഥരെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് 'നമ്മുടെ കോഴിക്കോട്' വഴിയൊരുക്കി. 'ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ്' നമ്മുടെ കോഴിക്കോട് പദ്ധതിയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് എ.ഡി.എം സി.മുഹമ്മദ് റഫീഖ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.