3333
കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ അപകട ഭീഷണി ഉയർത്തുന്ന ഭാഗം. Attachments area

നാദാപുരം: കല്ലാച്ചി പൈപ്പ് ലൈൻ റോഡിൽ കൈവരി സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. അതേ സമയം അപകടങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർ നിസംഗത പുലർത്തുകയാണ്. സ്വകാര്യ ആശുപത്രിക്കടുത്ത് സംസ്ഥാന പാതയോട് ചേരുന്ന സ്ഥലമാണ് ഏറ്റവും അപകട ഭീഷണി ഉയർത്തുന്നത്. ഇവിടെ റോഡിന് താഴെ കടകളുള്ള ഭാഗത്ത് നിന്നും രണ്ട് മീറ്ററോളം റോഡിന് ഉയരമുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് ഉയർത്തിയതോടെയാണ് അപകടാവസ്ഥ സംജാതമായത്. സ്വകാര്യ ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വരാനും പോകാനും ഉള്ള വഴി കൂടിയാണിത്. റോഡിന്റെ ഇരുവശത്തെ അരികുകൾ കോൺക്രീറ്റ് ചെയ്തതോടെ മഴക്കാലത്ത് വഴുതി വീഴുന്നതും പതിവായി മാറി. വളയം, വാണിമേൽ, വിലങ്ങാട് ഭാഗങ്ങളിൽ നിന്ന് സംസ്ഥാന പാതയിലേക്ക് ഈ വൺവേ റോഡ് വഴിയാണ് വാഹനങ്ങൾ എത്തിച്ചേരുന്നത്. നിരനിരയായി എത്തിച്ചേരുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള വീതി ഈ റോഡിനില്ല. സദാ സമയവും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഈ റോഡിൽ ഓട്ടോറിക്ഷാ സ്റ്റാൻഡും ഉണ്ട്. ഇതെല്ലാം കഴിഞ്ഞുള്ള റോഡരികിലൂടെ പോകാൻ നിർബന്ധിതരാവുന്ന കാൽനടയാത്രക്കാരാണ് വഴുതിയും കാൽ തെറ്റിയും താഴേക്ക് പതിക്കുന്നത്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും താഴേക്ക് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ താഴേക്ക് പതിച്ചാൽ റോഡിന് താഴെ ഭാഗത്തുള്ള കടകളിൽ എത്തുന്നവരും അപകട ഭീഷണിയിലാണ്. എത്രയും വേഗം കൈവരി സ്ഥാപിച്ച് അപകട സാദ്ധ്വത ഇല്ലാതാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.