കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി കൊലോത്ത് സജീവന്റെ മരണം പൊലീസ് കസ്റ്റഡിയിൽ അല്ലെന്നും നഷ്ടപരിഹാരത്തിന് സാദ്ധ്യതയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ സജീവന്റെ മരണം സംബന്ധിച്ച് ബന്ധുക്കളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക്. നിരപരാധിയായ മകനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച് അവശനാക്കുകയും അതേത്തുടർന്ന് മരണം സംഭവിക്കുകയും ചെയ്തിട്ടും സർക്കാരിൽ നിന്ന് നീതികിട്ടാത്തത് അങ്ങേയറ്റം വേദനാജനകമാണെന്നായിരുന്നു അമ്മ ജാനുവിന്റെ പ്രതികരണം. സജീവന്റെ നീതിക്കായി അവശയാണെങ്കിലും അമ്മ എന്ന നിലയ്ക്ക് ഏതറ്റംവരെയും പോരാടുമെന്ന് അവർ പറഞ്ഞു. സജീവന്റെ മരണത്തെ തുടർന്ന് സറ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുകയും എസ്.ഐ അടക്കം രണ്ടുപേർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയും നാലുപേരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായിട്ടും പൊലീസിനെ രക്ഷപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് സജീവന്റെ നീതിക്കായി രൂപീകരിച്ച കല്ലേരിയിലെ ജനകീയ സമിതി പ്രവർത്തകരും പറഞ്ഞു. സജീവന്റെ കുടുംബത്തിന് മതിയായ ധനസഹായം സർക്കാർ പ്രഖ്യാപിക്കണം, പ്രതികളായ പൊലീസുകാർക്ക് അർഹമായ ശിക്ഷ നൽകണം തുടങ്ങിയ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തിലേക്ക് പോകുമെന്നും അവർ പറഞ്ഞു.
കസ്റ്റഡിമരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.കെ.രമ സഭയിൽ നൽകിയ ചോദ്യങ്ങൾക്കാണ് അത് കസ്റ്റഡി മരണമല്ലെന്നും കസ്റ്റഡിയിൽ നിന്ന് വിട്ടതിനുശേഷമുള്ള മരണമാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്. പൊലീസുകാരെ സ്ഥലംമാറ്റിയത് ഭരണ സൗകര്യാർത്ഥമാണെന്നും കസ്റ്റഡി മരണത്തിനുപോലും ധനസഹായം നൽകാൻ നിലവിൽ സംവിധാനമില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ടായിരുന്നു. ഇതോടെയാണ് ബന്ധുക്കളും നാട്ടുകാരും സജീവന്റെ നീതിക്കായുള്ള പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കസ്റ്റഡിമർദ്ദനത്തെ തുടർന്ന് മരണം
മുഖ്യമന്ത്രി കസ്റ്റഡി മരണത്തെ തള്ളിക്കളയുമ്പോൾ സജീവന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് പൊലീസ് മർദ്ദനത്തെതുടർന്നാണ് സജീവൻ കുഴഞ്ഞുവീണ് മരിക്കാനിടയായതെന്ന്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് സംഘമെത്തിയത്. എം.എൽ.എയുടെ ചോദ്യമുണ്ടായപ്പോൾ ഇതുസംബന്ധിച്ച് 10 ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷണ സംഘത്തോട് സർക്കാർ ആവശ്യപ്പെട്ടു. ആ മറുപടിയിലും പൊലീസ് മർദ്ദനമാണ് മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണസംഘം നൽകിയത്. മാത്രമല്ല, സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ സസ്‌പെൻഷനുണ്ടായി. രണ്ട് പൊലീസുകാരെ കുറ്റക്കാരായി അന്വേഷണ സംഘം കണ്ടെത്തി. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുയും ചെയ്തു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുണ്ടായതോടെ സ്‌റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുന്ന അസാധാരണ സംഭവവുമുണ്ടായി. എന്നിട്ടും പൊലീസുകാരുടെ മർദ്ദനമല്ല സജീവന്റെ മരണത്തിനിടയാക്കിയതെന്ന രീതിയിൽ മുഖ്യമന്ത്രി നൽകിയ മറുപടി ഞെട്ടലോടെയാണ് കുടുംബവും നാട്ടുകാരും കാണുന്നത്.