riyas
മൂന്നാലിങ്കൽ ജംഗ്ഷനിലെ അഴുക്കുചാലിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോൾ

കോഴിക്കോട്: ഒറ്റമഴ പെയ്താൽ വെള്ളത്തിലാവുന്ന നഗരത്തിന്റെ അവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന അഴുക്കുചാലിന്റെ നിർമാണ പുരോഗതി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ച് വിലയിരുത്തി. ബീച്ച് ആശുപത്രിക്ക് സമീപം മൂന്നാലിങ്കൽ ജംഗ്ഷനിലെ നിർമാണപ്രവൃത്തിയാണ് ഇന്നലെ ഉച്ചയോടെ മന്ത്രി നേരിട്ട് സന്ദർശിച്ചത്. ഇവിടെ അഴുക്കുചാലിന്റെ നിർമാണം പൂർത്തിയാവാൻ കരാർ പ്രകാരം ആറു മാസം സമയമുണ്ടെങ്കിലും ഓണത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കി റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.

മൂന്നാലിങ്കലിൽ 74 ലക്ഷം രൂപയാണ് അഴുക്കുചാൽ നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്.

നഗരത്തിലെ ആകെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി മൂന്നാലിങ്കാലിനെ കൂടാതെ മറ്റു മൂന്നിടങ്ങളിൽകൂടി ഇത്തരത്തിൽ ഓവുചാൽ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രിതലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ ഇതിനകം മൂന്ന് യോഗങ്ങൾ നടന്നിട്ടുണ്ട്. ജില്ലാ കളക്ടർ, കോർപ്പറേഷനിലെ പ്രധാന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു.