കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, മായംചേർക്കൽ, അളവുതൂക്കത്തിൽ കൃത്രിമം കാണിക്കൽ, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവിൽപ്പന, പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയും.
കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുകയും മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങൾ വിൽക്കുകയും വേണം. അവശ്യവസ്തുക്കൾ പൂഴ്ത്തിവെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കരുത്. ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലും മറ്റും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. പൊതുവിപണി പരിശോധിക്കുന്നതിന് പൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാതല പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.