കോടഞ്ചേരി : ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ശുചിത്വ പദവി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്. ജൈവ-അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കിയതിനും ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ മാനദണ്ഡങ്ങൾ, പരിശോധനകൾ എന്നിവ വിജയകരമായി പൂർത്തിയാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് നേട്ടം. ശുചിത്വ പദവി പ്രഖ്യാപനം എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സാജു ഡി. നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷനായി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ ശുചിത്വ പദവി കൈവരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ, സെക്രട്ടറി കെ ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.