കുറ്റ്യാടി: സമഗ്ര ശിക്ഷ കേരളം കുന്നുമ്മൽ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഹോർട്ടികൾച്ചർ തെറാപ്പി ഭിന്നശേഷി വിദ്യാർത്ഥികളിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആരംഭിച്ച വിത്തും കൈക്കോട്ടും പദ്ധതി വിജയകരമായി 4-ാം വർഷത്തിലേക്ക്. തീവ്ര ചലന പരിമിതിക്കാരുൾപെടെയുള്ള ഭിന്നശേഷി കുട്ടികളിൽ കൃഷിയിലൂടെ ഹോർട്ടികൾച്ചർ തെറാപ്പി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വിത്തും കൈക്കോട്ടും ' പദ്ധതി മൂന്ന് വർഷം മുൻപ് ആരംഭിച്ചത്. നിലമൊരുക്കുന്നത് മുതൽ വിത്ത് പാകുന്നത്, വെള്ളം നനയ്ക്കുന്നത്, വളമിടുന്നത്, കായ് പറിക്കുന്നത് തുടങ്ങി കൃഷിയിടങ്ങളിലെ ഏത് പ്രവർത്തനവും ഭിന്നശേഷി കുട്ടികളെ സംബന്ധിച്ച് അവരുടെ ശാരീരിക ബുദ്ധിമുട്ടുകളെ കുറയ്ക്കുകയാണ്.
വെള്ളായണി കാർഷിക കോളജിലെ ഡോക്ടർ ബേലയാണ് ഹോർട്ടികൾച്ചർ തെറാപ്പിയുടെ ശാസ്ത്രീയ വശത്തെ പറ്റി ക്ലാസ് അവതരിപ്പിച്ചതും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതും. മൂന്ന് വർഷമായി ശീതകാല പച്ചക്കറിയും വേനൽക്കാല പച്ചക്കറിയും ആയിരുന്നു ഹോർട്ടികൾച്ചർ തെറാപ്പിയുടെ ഭാഗമായികുട്ടികളിൽ ചെയ്ത് കൊണ്ടിരുന്നത്. തീവ്ര ചലന പരിമിതിക്കാർ ഉൾപ്പെടെയുള്ള നാല് കുട്ടികളുടെ വീട്ടിൽ പൂന്തോട്ടം ഒരുക്കി നൽകാനും ബി.ആർ.സിക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ഇടയിൽ മികച്ച ഫലം കണ്ടതോട് കൂടി 2021-22 വർഷത്തിൽ ബി.ആർ.സി യുടെ നേതൃത്വത്തിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഈ വിഷയം പ്രബന്ധമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഭിന്നശേഷി കുട്ടിയായ അമീർ അഹമ്മദ്, ഭഗത് എന്നീ വിദ്യാർത്ഥികൾ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവും വികാസം എന്ന വിഷയത്തിലാണ് പ്രബന്ധമവതരിപ്പിച്ച് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ നാലാം ഘട്ടത്തിലാണ് ബി ആർ സി മഴക്കാല പച്ചക്കറി പരീക്ഷണാ ടിസ്ഥാനത്തിൽ ചെയ്യുന്നത്. മഴക്കാല പച്ചക്കറിയുമായി ബന്ധപ്പെട്ട് നൂറ് കുട്ടികൾക്കാണ് വിത്ത് നൽകിയത്. വിത്തിനൊപ്പം അനുബന്ധ സാമഗ്രികകൾ നൽകാൻ കക്കട്ടിലെ റോത്താന ചാരിറ്റബിൾ ട്രസ്റ്റ് ബി. ആർ. സി യുടെ ഒപ്പമുണ്ടാകാറുണ്ട്.