flower
കോഴിക്കോട് പാളയത്തെ പൂ കച്ചവടം

കോഴിക്കോട്: അത്തം പത്തിന് പൊന്നോണം, ഓണക്കാലമെന്നാൽ പൂക്കാലമാണ്. അത്തം പിറന്നതോടെ ഇനി നാടും നഗരവും പൂക്കളങ്ങളാൽ സമൃദ്ധമാവും. നാട്ടുപൂവുകൾ നാടുനീങ്ങിയതോടെ നാടുകടന്നെത്തുന്ന പൂവുകൾ തന്നെയായിരിക്കും മലയാളിയുടെ പൂക്കളങ്ങൾക്ക് നിറം ചാർത്തുക. ഇന്നലെ തന്നെ പ്രധാന നഗരങ്ങളിലെല്ലാം അന്യ സംസ്ഥാന പൂക്കൾ നിരന്നിരുന്നു. കോഴിക്കോട് പാളയത്ത് പൂക്കൾ വാങ്ങാനെത്തിയവരുടെ നല്ല തിരക്കായിരുന്നു.

മഹാമാരിയുടെ അടച്ചിടലോടെ കഴിഞ്ഞ രണ്ടുവർഷവും നിറം മങ്ങിയ ഓണമായിരുന്നു. ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പൂക്കച്ചവടക്കാർക്കും കണ്ണീരോണമായി. ഇത്തവണ വിദ്യാലയങ്ങൾ പതിവുപോലെ തുറക്കുകയും പൂർവാധികം ആവേശത്തോടെ ഓണാഘോഷം പ്രഖ്യാപിക്കുകയും ചെയ്തതോടെ നാടും നഗരവും ഓണപ്പാച്ചിലിലാണ്. ജില്ലയിലെ ഏറ്റവും വലിയ പൂവിപണിയായ പാളയം പൂക്കടകളാൽ സമൃദ്ധമായി. രണ്ടുവർഷം മുമ്പത്തെ വില നോക്കിയാൽ വലിയ വിലയാണെങ്കിലും വില മറന്ന് ജനം പൂ വാങ്ങാൻ എത്തി തുടങ്ങിയെന്ന് കച്ചവടക്കാർ പറയുന്നു.
ചുവന്ന ചെട്ടിയാണ് ഇത്തവണയും താരം. 80 രൂപയാണ് കിലോ വില. വയലറ്റ് അസ്ട്രയാണ് വിപണിയിലെ രാജാവ്. 400 രൂപയാണ് വില. മഞ്ഞ ചെട്ടി-100, ജമന്തി-200, സൂര്യകാന്തി-250, മല്ലിക-180, വെള്ള ജെമന്തി- 350, റോസ്- 250 ഇങ്ങനെ പോകുന്നു മൊത്തവിപണി വില. സ്‌കൂൾ, കോളേജുകളിലെ ഓണാഘാഷങ്ങളാണ് പൂക്കച്ചവടക്കാരുടെ പ്രതീക്ഷ. ചില്ലറ വിപണിയിൽ നൂറുഗ്രാം വെച്ചാണ് വിൽപ്പന.

ബംഗളൂരുവിൽ വില്ലനായി മഴ

ബംഗളൂരുവിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂ വരുന്നത്. എന്നാൽ കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചത് തിരിച്ചടിയായി. പൂപ്പാടങ്ങളിൽ പൂക്കൾ നനഞ്ഞ് കെട്ടുപോകുന്ന സ്ഥിതിയാണ്. നനഞ്ഞ പൂ കോഴിക്കോട്ട് എത്തുമ്പോഴേക്കും കേടുവരുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് വിറ്റുപോയില്ലെങ്കിൽ വലിയ നഷ്ടമാണെന്നാണ് കോഴിക്കോട്ടെ കച്ചവടക്കാർ പറയുന്നത്.

തുമ്പപ്പൂ വേണോ..! എരഞ്ഞിപ്പാലത്തെ ഡിവൈഡറിലുണ്ട്
കോഴിക്കോട്: അത്തം തൊട്ട് പത്തുനാളിലും പൂക്കളമൊരുക്കുമ്പോൾ ഒരു പൂ തുമ്പയാണ്. എന്നാൽ തുമ്പ കിട്ടാനില്ലെന്ന സങ്കടമാണ് എല്ലാവർക്കും. പറമ്പിലും തൊടിയിലും തുമ്പപ്പൂ ഇല്ലെങ്കിൽ കോഴിക്കോട് എരഞ്ഞിപ്പാലത്ത് വരൂ. തിരക്കേറിയ ഡിവൈഡറിൽ ശ്രീധരേട്ടൻ നട്ടു നനച്ചുവളർത്തിയ തുമ്പച്ചെടികളുണ്ട്. നിറയെ പൂവും. നഗരം നാട്യങ്ങളുടെ ഇടമാണെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ശ്രീധരേട്ടന്റെ തുമ്പച്ചെടികൾ. വയനാട് റോഡിൽ എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഡിവൈഡറിലാണ് ശ്രീധരേട്ടൻ തുമ്പച്ചെടികൾ നട്ടുനനച്ച് വളർത്തിയിരിക്കുന്നത്. ആർക്കും വരാം പൂപ്പറിക്കാം. പക്ഷേ, ചെടി പിഴുതുകൊണ്ടുപോകരുതെന്ന് മാത്രം. വർഷങ്ങളായി ഈ ഡിവൈഡറുകളിൽ ശ്രീധരേട്ടൻ പൂച്ചെടികൾ നടാൻ തുടങ്ങിയിട്ട്. കടുത്ത വേനലിൽ വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവന്ന് നനയ്ക്കും. ഓണക്കാലമായതോടെയാണ് ശ്രീധരേട്ടൻ മറ്റ് പൂച്ചെടികളെല്ലാം മാറ്റി തുമ്പപ്പൂ പരീക്ഷണം നടത്തിയത്. എരഞ്ഞിപ്പാലത്ത് മാത്രമല്ല തുമ്പ പൂത്തത് ബീച്ചിൽ ഗാന്ധി റോഡ് മുതൽ ഒരു കിലോമീറ്റർ ദൂരത്തെ ഡിവൈഡറിലും തുമ്പ പൂത്ത് നിൽക്കുന്നുണ്ട്.

വിനോദസഞ്ചാര കേന്ദ്രത്തിൽ ഓണാഘോഷം
ബാലുശേരി: കരിയാത്തുംപാറ തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ.എം സച്ചിൻദേവ് എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ടൂറിസം സെന്ററിനെ പുറംലോകം അറിയുക എന്ന ലക്ഷ്യത്തോടെ 'തോണിക്കാഴ്ച 2022' എന്ന പേരിലാണ് പരിപാടി നടത്തുക. സെപ്തംബർ ആറ്, ഏഴ് തിയതികളിൽ വൈകുന്നേരം മൂന്ന് മണി മുതൽ ഏഴ് വരെ സിനിമ, ടി.വി താരങ്ങളെ ഉൾപ്പെടുത്തി കലാവിരുന്ന് നടത്തും. ഇതിന്റെ ഭാഗമായി ഭക്ഷ്യ വിപണന മേളയും ഒരുക്കും.

പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ വിശാലമായ ആംഫി തിയേറ്ററോടു കൂടി നിർമിച്ച ടൂറിസം സെന്റർ 2021 ഒക്ടോബറിലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ കൺവീനറും, കുറ്റിയാടി ജലസേചന എക്സിക്യൂട്ടീവ് എൻജിനിയർ ജോയിന്റ് കൺവീനറും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ അംഗങ്ങളുമായുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് സെന്ററിന്റെ പരിപാലനം നടത്തുന്നത്.

യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കുറ്റിയാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ടി.എം.സി അംഗങ്ങൾ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചാലിയാറിൽ ജലോത്സവം

ഫറോക്ക്: ഓണാഘോഷത്തിന് പൊലിമയേകാൻ ചാലിയാറിൽ ജലോത്സവം. സെപ്തം. 10ന് ഫറോക്ക് കേന്ദ്രീകരിച്ച് വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളി സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനും മദ്ധ്യേയാകും മത്സരവേദി. മലബാറിലെ 10 ടീമുകൾ പങ്കെടുക്കും. മുപ്പതിലേറെ താരങ്ങൾ തുഴയുന്ന 60 അടിയിലേറെ നീളംവരുന്ന ചുരുള്ളൻ വള്ളങ്ങൾ ബേപ്പൂരിൽ എത്തും. കാസർകോട് ജില്ലയിലെ ചെറുവത്തൂർ, നീലേശ്വരം മേഖലയിൽ മത്സര വള്ളങ്ങൾ പരിശീലനം ആരംഭിച്ചു. അടുത്ത മാസം നാലിന് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടെ ആലപ്പുഴയിൽ ആരംഭിച്ച് നവം. 26ന് കൊല്ലത്ത് അവസാനിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഇത്തവണ മുതൽ ചാലിയാറിലും വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി. പി.സി സംയുക്തമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.