haiway
ദേശീയപാത വികസന പ്രവർത്തിക്കായികൈനാട്ടി സിഗ്നലിൽ കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ചത്

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിൽ സുരക്ഷാമുൻകരുതലുകൾ ഒരുക്കാത്തത് ജനങ്ങൾക്ക് ഭീഷണിയാകുന്നു. യാത്രക്കാർക്ക് യാതൊരു വിധ മുന്നറിയിപ്പുകളും നൽകാതെയാണ് റോഡിൽ സിഗ്നലുകൾ ഇല്ലാതാക്കുന്നതും റോഡിന്റെ വീതി കുറച്ച് യാത്രാദിശ മാറ്റുന്നതും. ഇതുകൊണ്ടുതന്നെ റോഡപകടങ്ങളുടെ എണ്ണവും പെരുകുകയാണ്. ദേശീയപാത വികസനത്തിനായി കെെനാട്ടി സിഗ്നലിൽ റോഡിന്റെ നടുവിൽ സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് ബാരിക്കേടാണ് യാത്രക്കാർക്ക് ബാധ്യതയായി മാറുന്നത്.

എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റെ ലൈറ്റ് കൊണ്ടും, ബാരിക്കേഡിൽ ആവശ്യത്തിന് ലൈറ്റ് ഇല്ലാത്തതിനാലും ദൂരെ നിന്ന് ഇത് കാണാൻ സാധിക്കില്ല. അടുത്ത് എത്തി പെട്ടന്ന് തടസ്സം ശ്രദ്ധയിൽപ്പെടുന്നതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് പല അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ഈ നിയന്ത്രണം ഏർപ്പെടുത്തിയതിനു ശേഷം ദിവസകൊണ്ടു തന്നെ 18 ഓളം അപകടങ്ങളാണ് ഇവിടെ സംഭവിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടയിൽ അപകടത്തിൽ പരിക്ക് പറ്റിയവർക്ക് രക്ഷകനായെത്തിയ കെെനാട്ടിലെ ഓട്ടോ ഡ്രെെവറുടെ കാലിൽ മണൽ നിറച്ച വീപ്പ വീണ് കാലിന്റെ എല്ല്പൊട്ടുകയുണ്ടായി. കൈനാട്ടിയിൽ കൂടാതെ പെരുവാട്ടുംതാഴത്തെയും സിഗ്നൽ നീക്കം ചെയ്ത് വീതി കൂടിയ റോഡിൽ ഒരു വാഹനം മാത്രം കടന്നു പോവാനുള്ള രീതിയിൽ കോൺക്രീറ്റ് ഭിത്തി സ്ഥാപിച്ചിരിക്കയാണ്. രാത്രി സമയങ്ങളിലാണ് കൂടുതലും ചെറുതും വലുതുമായ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. റോഡിൽ നിലവിലെ വീതി കുറച്ച് പ്രവർത്തി നടത്തുമ്പോൾ ആവശ്യമായ യാതൊരു മുന്നറിയിപ്പ് ബോഡുകളും സ്ഥാപിച്ചിട്ടില്ലെന്നതാണ് ഇത്രയും അപകടങ്ങൾ ഉണ്ടാവുന്നതെന്ന് പ്രദേശവാസികളും, ഡ്രൈവർമാരും പറയുന്നു.