മുക്കം: മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശിശുമന്ദിരങ്ങൾ ഇനി കളറാകും. നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾഎൻ.എസ്.എസ്.വിദ്യാർത്ഥികളാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ശിശുമന്ദിരത്തിന്റെ ചുമരും ചുറ്റുമതിലുമെല്ലാം ആകർഷകമായ ചിത്രങ്ങളാൽ നിറയും. അലങ്കാരപ്പണികളും നടത്തും.കുട്ടികളെ ആകർഷിക്കും വിധം സൗന്ദര്യവൽക്കരണം നടത്താനാണ് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ പദ്ധതി. ആദ്യഘട്ടത്തിൽ അൻപത് എൻ.എസ്.എസ്. വൊളന്റിയർമാർ നീലേശ്വരം ശിശുമന്ദിരത്തിന്റെ ചുറ്റുപാടുകൾ ശുചീകരിച്ച് സൗന്ദര്യവത്കരണത്തിന് തുടക്കമിട്ടു. മുക്കം നഗരസഭ കൗൺസിലർ എം.കെ യാസർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ശിശുമന്ദിരം അദ്ധ്യാപിക സാറ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ. അജാസ്, വളണ്ടിയർമാരായ അനസ്യ ,നാസിയ എന്നിവർ നേതൃത്വം നൽകി.