കൊയിലാണ്ടി: അത്തം പിറന്നതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും പൂ വിപണി സജീവമായി. ജമന്തി,സൂര്യകാന്തി വാടാമല്ലിയുമടക്കം മറുനാടൻ പൂക്കൾ വിപണിയിൽ സുലഭമാണ്. മുൻ വർഷത്തേക്കാൾ വില കൂടിയതായി കച്ചവർക്കാർ പറയുന്നു. ബംഗളൂരുവിൽ നിന്നാണ് ഇവിടെത്തേക്ക് പൂ എത്തുന്നത്. ഇടവിട്ടുള്ള മഴയും വെയിലും മൂലം പൂക്കൾ കേടാവുന്നത് കച്ചവടക്കാരെ വലയ്ക്കുന്നുണ്ട്. മറുനാടൻ പൂക്കളാണ് പതിവുപോലെ ഇക്കുറിയും വിപണി കൈയടക്കിയത്. കൊയിലാണ്ടിയിൽ വലുതും ചെറുതുമായ പത്തോളം പൂകച്ചവടക്കാർ രംഗം കീഴിടക്കിയിരിക്കുകയാണ്. സാധാരണ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന അതിരാണി, തുമ്പ, കാക്കപ്പൂവ്, മഞ്ഞപ്പൂവ് തുടങ്ങിയവ ഈ വർഷം കാണാനേയില്ല. സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും സ്വകാര്യസ്ഥാപനങ്ങളും പൂക്കളം തീർക്കാൻ ആശ്രയിക്കുന്നത് വിപണിയിലെ പൂക്കളെയാണ്. ചെണ്ടുമല്ലി ,ചുവപ്പ് മല്ലി, മഞ്ഞ,വാടാമല്ലി,ജമന്തി ഗോൾഡ്, പിങ്ക് , വൈറ്റ്,അരളി,ഡാലിയ തുടങ്ങിയവയാണ് പ്രധാനയിനങ്ങൾ. ഓണത്തോട് അടുക്കുമ്പോൾ ഇനിയും വിലകൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത്തവണ കുടുംബശ്രീ പ്രവർത്തകർ കേരളത്തിൽ കൃഷി ചെയ്ത ചിലയിനങ്ങൾ കൊയിലാണ്ടിയിലും എത്തിയിട്ടണ്ട്. സൂര്യകാന്തി, മല്ലിക, എന്നിവയാണ് നാടൻ ഇനങ്ങൾ. കേടാവാതെ സൂക്ഷിക്കാൻ കഴിയുന്ന ചില ഇനങ്ങൾ ധാരാളമായി കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. മഴ ചതിച്ചില്ലെങ്കിൽ വലിയ തോതിൽ വിപണം നടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

വില ഇങ്ങനെ

മല്ലി കിലോ 50 വാടാമല്ലി 400 ജമന്തി 350 അരളി 600 ഡാലിയ 450