rajeev
മലബാർ ചേംബർ ഒഫ് കോമേഴ്സ് ഹാളിൽ നടന്ന 'മലബാറിന്റെ ഐ.ടി ഇലക്ട്രോണിക്സ് വികസന സാധ്യത' ചർച്ചയിൽ പങ്കെടുക്കാൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എത്തിയപ്പോൾ.

കോഴിക്കോട് : ഇലക്ട്രോണിക്‌സ് വ്യവസായം വരാൻ ഭൂമിയല്ല അനുകൂല സാഹചര്യമാണ് ഉണ്ടാവേണ്ടതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മലബാർ ചേംബർ ഒഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംവാദത്തിൽ മാവൂർ ഗ്രാസിം ഭൂമി സംബന്ധിച്ച പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

കോഴിക്കോട് ഐ.ടി നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ലെന്ന ബോധമാണ് മാറ്റിയെടുക്കേണ്ടത്.

കൊവിഡ് സാഹചര്യത്തിൽ ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളും തളർന്നിട്ടും ഇന്ത്യൻ സാമ്പത്തിക രംഗവും വ്യാവസായിക വളർച്ചയും ലോകത്ത് ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു. ഇതിന് അടിസ്ഥാന കാരണം സ്റ്റാർട്ടപ്പ് സംരംഭകരാണ്. സ്റ്റാർട്ടപ്പിൽ ഒരു പരാജയം ഉണ്ടായാൽ യുവാക്കൾ പിന്തിരിയരുത് . ഇലക്ട്രോണിക്‌സ് നിർമാണ രംഗത്ത് പുത്തൻ ഉണർവാണ് ഡിജിറ്റൽ ഇന്ത്യയിലുള്ളത്. പുതിയ സംരംഭകർ മലബാർ ചേംബറിന്റെ നേതൃത്ത്വത്തിൽ പദ്ധതി സംബന്ധിച്ച് സെമിനാർ നടത്താനും മന്ത്രി നിർദ്ദേശിച്ചു. സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകൾക്ക് നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന ചേംബറിന്റെ അഭ്യർത്ഥന പരിഗണിക്കാമെന്നും നികുതി വകുപ്പിലേക്ക് നിർദ്ദേശം നൽകാമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ചേംബർ പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റുമാരായ എം.നിത്യാനന്ദ കമ്മത്ത് , എം.പി.എം മുബഷീർ, സെക്രട്ടറി എം.എ മെഹബൂബ് എന്നിവർ പ്രസംഗിച്ചു.