milma
ക്ഷീരകർഷകരുടെ അഭിമാനമായി മിൽമ

മലബാറിലെ ക്ഷീര കർഷകർക്ക് ഇത്തവണ ഓണ സമ്മാനമായി നീക്കിവച്ചിരിക്കുന്നത് നാലരക്കോടി രൂപ. അധികമായി വരുന്ന പാലുപയോഗിച്ച് മലപ്പുറത്ത് വിശാലമായ പാൽപ്പൊടി നിർമാണ യൂണിറ്റ് വരുന്നു. മാത്രമല്ല, കേരളത്തിലെല്ലായിടത്തും മിൽമ സൂപ്പർമാർക്കറ്റുകളും. മിൽമയുടെ ഓണസമ്മാനത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മലബാർ മിൽമ ചെയർമാൻ കെ.എസ്. മണി സംസാരിക്കുന്നു.

ഇത്തവണ ഓണാഘോഷത്തിന്

മിൽമയുമുണ്ടല്ലോ..?

ഓണത്തിന് ക്ഷീരകർഷകർക്ക് എന്തുസമ്മാനം നൽകാമെന്ന ചർച്ചയിൽ നിന്നാണ് നാലരക്കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട്ടു ചേർന്ന മലബാർ മിൽമ ഭരണസമിതി യോഗത്തിന്റേതായിരുന്നു തീരുമാനം. 2022 സെപ്തംബർ ഒന്നു മുതൽ 10 വരെ മലബാർ മേഖലാ യൂണിയന് പാൽ നൽകുന്ന എല്ലാ ക്ഷീര സംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2 രൂപ 50 പൈസ വീതം അധിക വിലയായി നൽകും. 2022 ആഗസ്റ്റ് 11 മുതൽ 31 വരെ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾ വഴി മിൽമയ്ക്ക് ലഭിച്ച നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതവും അധിക വിലയായി നൽകും. ഇതനുസരിച്ച് 210 ലക്ഷം ലിറ്റർ പാലിന് അധിക വിലയായി 450 ലക്ഷം രൂപയാണ് മിൽമ നൽകുന്നത്. ഈ തുക മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കർഷകരിലേക്ക് എത്തും.

പാലുത്പാദനത്തിൽ ഗണ്യമായ

കുറവാണെന്ന് പറയുന്നു..?

ഇത് രാജ്യത്ത് മൊത്തമുണ്ട്. പലതരം രോഗങ്ങളാണ് കന്നുകാലികൾക്ക്. കേരളത്തിൽ അത്തരം രോഗങ്ങളില്ല. എന്നാൽ പരമ്പരാഗത അസുഖങ്ങൾ പാലുത്പാദനത്തെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ക്ഷീരവികസനവകുപ്പും.

കന്നുകാലി രോഗങ്ങൾക്ക് മിൽമ ആയുർവേദ

മരുന്നുകൾ പരീക്ഷിക്കുന്നുണ്ടല്ലോ..?

അങ്ങേയറ്റം ഫലപ്രദവും ചെലവുകുറവുമാണ് ഈ മരുന്നുകൾ. കർഷകരിൽ നിന്ന് നല്ല പ്രതികരണമാണ്. മിൽമ മലബാർ മേഖല യൂണിയൻ കേരള ആയുർവേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നിർമിക്കുന്നവയാണ് വെറ്ററിനറി മരുന്നുകൾ.

മിൽമ ഉത്പന്നങ്ങൾ എല്ലായിടത്തും

കിട്ടുന്നില്ല?

അത്തരമൊരു പഠനത്തിലും ശ്രമത്തിലുമാണ് ഞങ്ങൾ. പക്ഷേ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലുത്പന്നങ്ങളെ പോലെ വിലകുറച്ചും സബ്‌സിഡി നൽകിയും കടം നൽകിയും മിൽമ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയില്ല. എവിടെ സ്റ്റോക്ക് വച്ചാലും മുൻകൂർ പണം അടക്കണം.

മലപ്പുറത്ത് പുതിയ പാൽപ്പൊടി

നിർമാണ യൂണിറ്റ് ?

53.5 കോടി​യുടെ പ്രാരംഭചെലവ് വരുന്ന പദ്ധതി​ മലപ്പുറം മൂർക്കനാടാണ്. അതിൽ 47.5 കോടി​ സർക്കാർ ഗ്രാന്റായി തന്നു. പദ്ധതി പൂർത്തിയാവണമെങ്കിൽ നൂറുകോടി വരും. കൊവിഡ് കാലത്താണ് ഇത്തരമൊരാശയം വന്നത്. പാൽപ്പൊടി​യുണ്ടാക്കുന്ന പ്രോജക്ട് ഏറ്റെടുക്കാൻ കഴിയുമോയെന്ന് സർക്കാരിൽ നിന്ന് നിർദ്ദേശമുയർന്നപ്പോൾ തയ്യാറാവുകയായിരുന്നു.

ക്ഷീരകർഷക ക്ഷേമത്തിനായി സർക്കാർ ഇടപെടലുകൾ ?

ക്ഷീരകർഷക മേഖലയിലും മിൽമയെ സഹായിക്കുന്നതിലും സർക്കാർ വലിയ പ്രധാന്യം നൽകുന്നുണ്ട്. സ്‌കൂളുകളിലും അങ്കണവാടികളിലും പാൽ കൊടുക്കുന്നതും ഓണക്കിറ്റിൽ നെയ് നൽകാൻ തീരുമാനമെടുത്തതുമെല്ലാം വലിയ സഹായമായി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഷമയമായ

പാൽ വരുന്നതിന് പരിഹാരം..?

സർക്കാർ പരിശോധനകൾ കാര്യക്ഷമമാക്കുകയേ നിവൃത്തിയുള്ളൂ. മിൽമയും പുറത്ത് നിന്ന് പാൽ എടുക്കുന്നുണ്ട്. എന്നാൽ അവിടുത്തെ മിൽമ പോലുള്ള അംഗീകൃത ഫെഡറേഷനുകളിൽ നിന്ന് ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് പാലെടുക്കുന്നത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് പുറമെ മൊബൈൽ സ്‌ക്വാഡുകൾ കൂടി പരിശോധനയ്ക്ക് ഉണ്ടാവണം.