bus
bus

കോഴിക്കോട്: പറയഞ്ചേരിയിലെ വിദ്യാർത്ഥികൾക്ക് യാത്ര എന്നും പേടിസ്വപ്നമാണ്. വൈകിട്ട് പഠനം കഴിഞ്ഞാൽ എപ്പോൾ വീട്ടിലെത്താനാവും എന്ന് പറയാനാവാത്ത അവസ്ഥ. പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ,

ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലായി പഠിക്കുന്ന 1200 ഓളം വിദ്യാർത്ഥികൾക്കാണ് ഈ ഗതികേട്.

സ്കൂൾ അദ്ധ്യാപകരുടെയും , വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യങ്ങളിലൊന്നാണ് കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ബസിൽ വീട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കുക എന്നത്. എന്നാൽ ബസ് ജീവനക്കാർ മനപ്പൂർവം സ്റ്റോപ്പിൽ നിറുത്താതെ വിദ്യാർത്ഥികളെ കയറ്റാതെ അമിതവേഗതയിൽ ബസ് ഓടിച്ച് പോവും. ബസ് ജീവനക്കാർക്കെതിരെ നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെയും പരിഹാരം ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥിനികളെ കയറ്റാതെ ബസ് പോയതിനാൽ സന്ധ്യ കഴിഞ്ഞതിന് ശേഷമാണ് പെൺകുട്ടികൾ വീട്ടിലെത്തിയത് . തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം ബി.കെ.എം.പി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിറ്റി ട്രാഫിക് സി.ഐക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ബസ് ജീവനക്കാർക്ക് താക്കീത് നൽകി പ്രശ്നം തത്ക്കാലം പരിഹരിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ വീണ്ടും പഴയപടിയായി.

തിരക്കേറിയ അരയിടത്ത് പാലം ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് അനുവദിച്ചത് കാരണം പല ബസ്സുകൾക്കും സ്റ്റോപ്പ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. ബസ് ദൂരെ പോയി നിർത്തുമ്പോൾ തലങ്ങും വിലങ്ങും ഓടി വേണം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ബസിൽ കയറിപ്പറ്റാൻ. മാത്രമല്ല, വിദ്യാർത്ഥികൾ കുതിരവട്ടം ഭാഗത്ത് നിന്ന് നടന്ന് വേണം അരയിടത്ത് പാലം ജംഗ്ഷനിലെത്താൻ. ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ പറയഞ്ചേരി ബസ് സ്റ്റോപ്പ് വിദ്യാർത്ഥികൾക്കും , മറ്റ് യാത്രക്കാർക്കുമുള്ള പ്രധാന സ്റ്റോപ്പായി പുന:സ്ഥാപിക്കുക മാത്രമാണ് ഏക പോംവഴി.