കോഴിക്കോട്: ജില്ലയിൽ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 4, 5 തിയതികളിൽ കോഴിക്കോട് ടൗൺഹാളിലാണ് സാഹിത്യോത്സവം നടക്കുക. നാലിന് വൈകീട്ട് 4.30 ന് നടക്കുന്ന സാഹിത്യ സെമിനാർ എഴുത്തുകാരൻ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ആർ. രാജശ്രീ മുഖ്യപ്രഭാഷണം നടത്തും.എഴുത്തുകാരായ ഡോ. എം.സി അബ്ദുൾ നാസർ, കെ.വി. സജയ് എന്നിവർ പ്രഭാഷണം നടത്തും. അഞ്ചിന് വൈകിട്ട് 4.30 ന് നടക്കുന്ന കാവ്യസന്ധ്യയിൽ 30 കവികൾ സ്വന്തം കവിതകൾ ആലപിക്കും. ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. പി. പി ശ്രീധരനുണ്ണി, മലയത്ത് അപ്പുണ്ണി, വീരാൻകുട്ടി, ഒ.പി സരേഷ്, ആര്യാഗോപി, സോമൻ കടലൂർ തുടങ്ങിയവർ കാവ്യസന്ധ്യയിൽ പങ്കെടുക്കും.
@ കുറ്റിച്ചിറയിൽ ഖവാലിയും സൂഫിനൃത്തവും
ഖവാലിയും സൂഫിനൃത്തവും മാപ്പിളപ്പാട്ടുകളും തുടങ്ങി സംഗീതസാന്ദ്രമായ പരിപാടികൾക്കാണ് ഓണനാളുകളിൽ കുറ്റിച്ചിറ സാക്ഷ്യംവഹിക്കുക. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി 9,10,11 തീയതികളിൽ വൈകീട്ട് കുറ്റിച്ചിറ ഓപ്പൺ സ്റ്റേജിലാണ് പരിപാടികൾ. ആദ്യദിനം മാപ്പിള പാട്ടുകളും രണ്ടാംദിനം ഖവാലിയും സൂഫിനൃത്തവും അവസാന ദിവസം പഴയകാല ഗാനങ്ങൾ കോർത്തിണക്കിയ ഓൾഡ് ഈസ് ഗോൾഡ് പരിപാടിയുമാണ് നടക്കുക. ഓണാഘോഷത്തിന് വർണ്ണപ്പൊലിമ ചാർത്താൻ കുറ്റിച്ചിറയിലെ വിവിധ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവ ദീപാലങ്കാരം ചെയ്യും. കുറ്റിച്ചിറയുടെ സാസ്‌കാരിക പൈതൃകവും മിഷ്‌കാൽ പള്ളിയുടെ ചരിത്രവും ഗുജറാത്തി, ബോറ സമൂഹങ്ങൾ തമ്മിലുള്ള ഐക്യവും പ്രതിഫലിക്കുന്ന ഓണാഘോഷമായിരിക്കും കുറ്റിച്ചിറയിൽ നടക്കുക.