
കോട്ടയം: കുട്ടനാടൻ, അപ്പർ കുട്ടനാടൻ മേഖലയിൽ നെൽകൃഷിയെ നശിപ്പിക്കാൻ ശേഷിയുള്ള പുതിയ ബാക്ടീരിയയെ കണ്ടെത്തി. നിലവിലെ കീടനാശിനികൾക്ക് ഇവയെ തടയാൻ കഴിയില്ല.വായുവിലൂടെയും വെള്ളത്തിലൂടെയും പകരുന്ന 'പാന്റോയീയ അനനേറ്റീസ്' ജനുസിൽപെട്ട ബാക്ടീരിയെ കേരളത്തിൽ ആദ്യമായാണ് കണ്ടെത്തുന്നത്.ബാക്ടീരിയയെ നിയന്ത്രിക്കാനാകാത്തതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പടർന്ന് ഭാവിയിൽ നെൽകൃഷിക്ക് ഭീഷണിയാകുമെന്ന് ഗവേഷകർ പറയുന്നു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ സ്മിത ബാലൻ, എസ്.ഡി.കോളേജ് ബോട്ടണി വിഭാഗം ഗവേഷക ടി.എസ്. രേഷ്മ എന്നിവരാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കനേഡിയൻ ജേർണൽ ഒഫ് പ്ലാന്റ് പാതോളജിയിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്ടീരിയയെ വേർതിരിച്ച് ജനിതക ശ്രേണീപഠനം നടത്തി ജെൻ ബാങ്കിൽ നിക്ഷേപിച്ചത് ഡോ.സി.ദിലീപിന്റെ നേതൃത്വത്തിലള്ള എസ്.ഡി കോളേജ് ഗവേഷണ കേന്ദ്രമാണ്.
കരിയും, കതിര് പതിരാവും
# 15 മുതൽ 80 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളെ ബാധിക്കുന്നു. 
# ആദ്യം ഇലകളെയും ക്രമേണ വേരുകളെയുമാണ് ബാധിക്കുന്നത്
# നെല്ലോലയിലെ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള കരിച്ചിലാണ് ലക്ഷണം.
# കതിരു പതിരാക്കാൻ കഴിയും. മഴയ്ക്കു ശേഷം സാന്നിദ്ധ്യം കൂടുതൽ പ്രകടമാകുന്നു.
#കാലാവസ്ഥാ വ്യതിയാനം പടരുന്നതിന് കാരണമായി
' ഒരു വർഷം മുമ്പ് കുട്ടനാട്ടിലെ നെൽപാടങ്ങൾ സന്ദർശിച്ചപ്പോൾ ഇലകൾ മഞ്ഞളിപ്പ് ബാധിച്ച് കരിഞ്ഞത് ശ്രദ്ധയിൽ പെട്ടു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുവന്ന നെൽവിത്തിൽ നിന്നാകാം തുടക്കം. കാലാവസ്ഥാ വ്യതിയാനവും കാരണമാകാം. നീറ്റുകക്ക പ്രയോഗവും പോളിയർ തളിക്കലും ഫലപ്രദമായില്ല. പുതിയ രാസ,ജൈവ കീടനാശിനികൾ കണ്ടെത്തണം'.
സ്മിതാ ബാലൻ,
അസിസ്റ്റന്റ് ഡയറക്ടർ,
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം.
.