കോട്ടയം : വല്ലാത്ത ദുരിതം തന്നെയാണ് ചുങ്കത്ത് മുപ്പതിൽ പാലം യാത്രക്കാർക്ക് സമ്മാനിക്കുന്നത്. മുൻപ് ബോട്ട് കടന്ന് വരുമ്പോൾ കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തിയിരുന്ന പാലം ഇപ്പോൾ മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പക്ഷെ കറണ്ടില്ലേൽ എല്ലാം തകിടംമറിയും. ഈ പാലത്തിനോട് മാത്രം എന്തീനീ അവഗണനയെന്നാണ് പ്രദേശവാസികളടക്കം ചോദിക്കുന്നത്. നഗരസഭയുടെ 45-ാം വാർഡിലാണ് പുത്തൻതോടും പൊക്ക് പാലങ്ങളും സ്ഥിതി ചെയ്യുന്നത്. ഗ്രാമൺചിറ, 16ൽ ചിറ, പാറേച്ചാൽ, ചുങ്കത്ത് മുപ്പത്, കാഞ്ഞിരം എന്നിവയാണ് പുത്തൻതോട്ടിലേ അഞ്ച് പൊക്ക് പാലങ്ങൾ. പുത്തൻതോട്ടിലെ പ്രധാന പൊക്ക് പാലമാണ് ചുങ്കത്ത് മുപ്പത്. പത്ത് വർഷം മുൻപ് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. മറ്റ് നാല് പാലങ്ങൾ കയറും കപ്പിയും ഉപയോഗിച്ചാണ് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. ഇവിടെ മാത്രം പരിഷ്ക്കാരം നടത്താൻ പോയതാണ് പൊല്ലാപ്പായത്.

വൈദ്യുതി ഇല്ലാത്തപ്പോൾ പാലം ഉയർത്താൻ സാധിക്കുമെങ്കിലും ഇരുമ്പ് ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന് ഭാരക്കൂടുതലായതിനാൽ, പ്രയാസമാണ്. ബോട്ട് കടന്നു വരുന്ന സമയത്ത് പാലം ഉയർത്താൻ സാധിക്കാതെ വരുന്നത് പതിവാണ്. സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും പ്രദേശവാസികളുടെയും ബോട്ട് ജീവനക്കാരുടെയും സഹായത്തോടെ കയർ ഉപയോഗിച്ചാണ് പലപ്പോഴും പാലം ഉയർത്തുന്നത്. ഇത് ബോട്ട് വൈകാനും ഇടയാക്കുന്നു. പാലത്തിന്റെ പ്രവർത്തനത്തിന് ഓപ്പറേറ്ററെ നിയമിച്ചിട്ടുണ്ടെങ്കിലും നിസ്സഹായനാണ്. രാവിലെ 6.45, 9.30, 11.30, 2, 3.30, 5.30, 7.30 എന്നീ സമയങ്ങളിലാണ് പുത്തൻൻതോട് വഴിയുള്ള ബോട്ട് സർവീസ് സമയം.

70 കുടുംബങ്ങളുടെ ആശ്രയം

വൈദ്യുതി തടസം നേരിടുന്നതിനായി ജനറേറ്റർ സ്ഥാപിച്ചാൽ പ്രശനത്തിന് പരിഹാരം കാണാം. പക്ഷെ ആര് ചെയ്യും. പാലത്തിന് മറുവശത്തായുള്ള തുരുത്തിൽ 70 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് കടന്നു പോകുന്നതിനായും മറുവശത്തെ എരവുകേരി പാടശേഖരത്തിലേക്ക് പോകുന്നതിനും പ്രധാന ആശ്രയം ഈ പാലമാണ്.

കാലപ്പഴക്കം മൂലം പാലം തുരുമ്പെടുത്ത നിലയിലാണ്. ഓപ്പറേറ്റർമാർക്ക് രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഗ്രീസും നഗരസഭാ അധികൃതർ എത്തിക്കാറില്ല.

അജിമോൻ, പ്രദേശവാസി

ജനറേറ്റർ വേണമെന്നാവശ്യപ്പെട്ടിട്ടും ഫണ്ടില്ലെന്ന കാരണത്താൽ അധികൃതർ കൈയൊഴിയുകയാണ്.

ശാന്തപ്പൻ, ജീവനക്കാരൻ