പൊൻകുന്നം: വഴിനിറയെ കുഴികളും ഇരുവശവും വളർന്നുനിൽക്കുന്ന കാടും. വെളിച്ചത്തിന്റെ കണികപോലുമില്ല... റോയൽ ബൈപാസിലൂടെ യാത്ര ചെയ്യുന്നവർക്ക് ഭയം ഒഴിയുന്നില്ല. തകർന്നുകിടക്കുന്ന റോയൽ ബൈപാസ് റോഡിനെ സംബന്ധിച്ച പരാതിയിൽ അധികൃതർക്ക് അനക്കമില്ല. കാൽനടയാത്രക്കാർക്കാണ് കൂടുതൽ ദുരിതം. രാത്രി കൂരിരുട്ടാണ്. ഏതുനിമിഷവും കുഴിയിൽവീഴാം. അല്ലെങ്കിൽ ഇഴജന്തുക്കളുടേയോ തെരുവ് നായ്ക്കളുടേയോ അക്രമത്തിനിരയാകാം. നേരത്തെ വിളക്കുകൾ തെളിയുന്നില്ലെന്ന പരാതിക്ക് പരിഹാരമായി വൈദ്യുതിബോർഡിന്റെ നിലാവ് പദ്ധതി പ്രകാരം കത്താത്ത ബൾബുകൾ മാറ്റി ഓരോ തൂണിലും എൽ.ഇ.ഡി.ബൾബ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബൾബുകൾ കൂട്ടത്തോടെ അണഞ്ഞു. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളികളടക്കം നിരവധി യാത്രക്കാർ രാത്രി ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പൊൻകുന്നം പാലാ റോഡിൽ നിന്നു ആരംഭിച്ച് മാന്ത്ര,തമ്പലക്കാട് വഴി കപ്പാടെത്തുന്ന റോഡാണിത്.

അപകടവളവുകൾ

കുത്തനെയുള്ള കയറ്റവും ഇറക്കവും അപകടം പതിയിരിക്കുന്ന വളവുകളും നിറഞ്ഞതാണ് റോഡ്. ടാറിംഗിന്റെ അതിരുകൾ പലയിടത്തും അരയടിയിലധികം ഉയർന്നാണ് നിൽക്കുന്നത്. മഴവെള്ളപ്പാച്ചിലിൽ ഈ കട്ടിംഗുകൾ വലിയ കുഴികളായി മാറി. റോഡ് നന്നാക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഒന്നും നടന്നില്ല.