ചങ്ങനാശേരി : മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചി കോഓപ്പറേറ്റിവ് ബാങ്കിന് സമീപം നിൽക്കുന്ന തണൽ മരങ്ങൾ സമീപത്ത് വീടുകൾക്ക് ഭീഷണിയാകുന്നു. മഴ ശക്തമായതോടെ ഭീതിയോടെയാണ് ജനം വീടുകളിൽ കഴിയുന്നത്. അധികൃതർക്ക് പരാതിയും നൽകിയെങ്കിലും നാളിതുവരെ നടപടിയില്ല. മരത്തിന്റെ വലിയ ശിഖരം വീടിനു മുകളിലേക്കാണ് അപകടാവസ്ഥയിൽ ചാഞ്ഞു നിൽക്കുന്നത്. വാഴൂർ റോഡിൽ നിൽക്കുന്ന പല മരങ്ങളുടെ ശിഖരങ്ങൾ ഉണങ്ങി നിൽക്കുന്ന നിലയിലാണ്. ഇത് കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നുണ്ട്. റോഡരികിൽ അപകടകരമായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന് യൂത്ത് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡന്റ് ടോണി കുട്ടുമ്പേരൂർ ആവശ്യപ്പെട്ടു.