
കോട്ടയം. കനത്തമഴയിലും ഉരുൾപൊട്ടലിലും മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ലക്ഷങ്ങളുടെ നാശനഷ്ടം. മൂന്നിലവ്, ഈരാറ്റുപേട്ട, കൂട്ടിക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ. മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്നിലവ് ടൗണും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച എട്ട് അടിയോളം വെള്ളമുണ്ടായിരുന്നു റോഡിലും വ്യാപാരസ്ഥാപനങ്ങളിലും. 45 ഓളം കടകളാണ് ടൗണിലുള്ളത്. 25 കടകളിൽ പൂർണ്ണമായും വെള്ളം കയറി. 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മൂന്നിലവ് പഞ്ചായത്ത്, സപ്ലൈകോ എന്നിവിടങ്ങളിലും വെള്ളംകയറി. സപ്ലൈകോയിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്നലെ രാവിലെ വെള്ളം ഇറങ്ങിയതോടെ, നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ വൃത്തിയാക്കൽ ആരംഭിച്ചിരുന്നു. ഉച്ചയോടെ, മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ, നാലടിയോളം വെള്ളം കയറി. ഏഴോളം കടകൾ മുങ്ങി. ഞായറാഴ്ച അവധി ദിനമായതിനാൽ ഭൂരിഭാഗം കടകളും അടച്ചിരുന്നു. മഴ മുന്നിൽ കണ്ട് ചിലർ സാധനങ്ങൾ മാറ്റിയിരുന്നു. മൂന്നിലവ് ടൗണിന് സമീപത്തായുള്ള തോട്ടിൽ നാല് വർഷം മുൻപ് ചെക്ക് ഡാം നിർമ്മിച്ചിട്ടുണ്ട്. രണ്ട് വർഷമായി മൂന്നിലവ് ടൗണിൽ വെള്ളം കയറുന്നുണ്ട്. നിലവിൽ വെള്ളം ഇറങ്ങിയെങ്കിലും മഴ തുടരുന്നതിനാൽ വീണ്ടും കയറുന്ന സ്ഥിതിയാണെന്ന് പ്രദേശവാസിയായ ജോസി പറഞ്ഞു.
മൂന്നിലവ് പഞ്ചായത്തിലെ ഒന്നാം വാർഡിലെ 33 വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ടൗണിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മേലുകാവിൽ മണ്ണിടിച്ചിൽ തുടരുന്ന സ്ഥിതിയാണ്. മേച്ചാൽ ഒന്നാം വാർഡിലെ റോഡ് ഗതാഗതം ഉച്ചയോടെ പുനസ്ഥാപിച്ചു. തലനാട് ഭാഗത്തെ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.