
കോട്ടയം. മീനച്ചിലാർ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട ടൗണിലെ ഇരു കോസ്‌വേ പാലങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. പാലായിലേക്കും തൊടുപുഴയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാർ ടൗൺ, നടയ്ക്കൽ, താഴത്തെ നടയ്ക്കൽ ഭാഗങ്ങളിൽ വലിയവെള്ളപ്പൊക്കമാണ്. മാതക്കൽ തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തോടിന് ഇരുവശമുള്ള എൺപതിലധികം വീടുകളിൽ വെള്ളം കയറി. മുരുക്കാലി അൻസാർ മസ്ജിദിന്റെ താഴത്തെ നിലയിലും വെള്ളം കയറി. തോടരുകിലെ ട്രാൻസ്‌ഫോമർ ഓഫ് ചെയ്യുന്നതോടെ പ്രദേശം ഇരുട്ടിലാകും. ഈരാറ്റുപേട്ട-പാലാ റോഡിൽ പനക്കപ്പാലത്ത് വലിയതോതിൽ വെള്ളം ഉയർന്നു. കളത്തൂകടവിൽ വലിയ വാഹനങ്ങൾക്ക് മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്. ഇടുക്കിയിൽ നിന്നുള്ള റെസ്‌ക്യൂ ടീമും പ്രദേശത്ത് എത്തിയിട്ടുണ്ട്.