കോട്ടയം: മെട്രോ വാർത്ത ചീഫ് എഡിറ്ററും കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്ററുമായ ആർ. ഗോപീകൃഷ്ണന് സാംസ്കാരിക കേരളം അന്ത്യാഞ്ജലിയേകി. മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി രാഷ്ട്രീയ,സാമൂഹ്യ,സാഹിത്യ, മാദ്ധ്യമ മേഖലയിലെ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. രാവിലെ കോട്ടയത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി.എൻ. വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മുൻ മന്ത്രി പി.ജെ. ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ്, കെ.ജെ. തോമസ്, ജോസഫ് എം. പുതുശേരി, ഫ്രാൻസിസ് ജോർജ്, കെ.സി. ജോസഫ് തുടങ്ങിവയർ അന്ത്യോപചാരമർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് അന്ത്യോപചാരമർപ്പിച്ചു.