manimala-aaru

മുണ്ടക്കയം: വലിയ ദുരന്തമുണ്ടായി ഒരു വർഷം തികയും മുന്നേ വീണ്ടും ഉരുൾപൊട്ടി ഒരാളെ കാണാതായതോടെ കൂട്ടിക്കൽ വീണ്ടും ഭീതിയിലാണ്. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയ്ക്ക് തിങ്കളാഴ്ച രാവിലെ നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയോടെ വീണ്ടും അതിശക്തമായ മഴ ആരംഭിച്ചു. പുല്ലകയാറും കോസ്‌വേ പാലവും പലതവണ നിറഞ്ഞു.

മുണ്ടക്കയം കോസ് വേ പാലത്തിലും കൂട്ടിക്കൽ ചപ്പാത്ത് പാലത്തിലും വെള്ളം കയറി. കോസ് വേ പാലത്തിൽ വെള്ളം കയറിയതോടെ പൂഞ്ഞാർ- എരുമേലി സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മുണ്ടക്കയം കോസ് വേ പാലത്തിന്റെ കൈവരികൾ ഭാഗികമായി തകർന്നു. മുണ്ടക്കയം ബൈപ്പാസിലും വെള്ളംകയറിയത്തോടെ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വടം ഉപയോഗിച്ച് വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. മണിമലയാറിന്റെ തീരത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. പുത്തൻചന്തയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
തേൻപുഴ ഈസ്റ്റിൽ മൂലയിൽ സരസയുടെ പുരയിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറിയതോടെ കൊക്കയാർ, നാരകംപുഴ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഉച്ചയ്ക്ക് രണ്ടു മുതൽ പാലം വെള്ളത്തിനടിയിലായിരുന്നു. കൂട്ടിക്കൽ, കൊടുങ്ങ, വല്യേന്ത, പ്ലാപ്പള്ളി അടക്കമുള്ള മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ, സന്നദ്ധ സംഘടനകളെയും വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ച് സുരക്ഷാ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. മുണ്ടക്കയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് ഒപ്പം തന്നെ എല്ലാ വാർഡുകളിലും അങ്കണവാടികൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.