കറുകച്ചാൽ: രോഗിയുമായി പോയ ആംബുലൻസിൽ പിക്കപ്പ് വാനിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്. വാഴൂർ പുളിമൂട്ടിൽ മനു മാത്യു (27) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ചങ്ങനാശേരി വാഴൂർ റോഡിൽ മിസംപടിയ്ക്ക് സമീപമായിരുന്നു അപകടം. മണിമലയിൽ നിന്നും ഹൃദയാഘാതമുണ്ടായ രോഗിയുമായി ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിലേക്ക് പോകുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നും ദിശതെറ്റിയെത്തിയ പിക്കപ്പ്‌വാൻ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ് വാഹനത്തിനുള്ളിൽ കുടുങ്ങിയ മനുവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തിറക്കിയത്. രോഗിയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ചെത്തിപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.