വൈക്കം: മഴക്കെടുതിയെ നേരിടാൻ വൈക്കം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വെള്ളപ്പൊക്കമോ, അതുമായി ബന്ധപ്പെട്ട മറ്റു നാശങ്ങളോ ഉണ്ടായാൽ വിവരമറിയിക്കാൻ സെക്രട്ടറി 9048006775 , ഹെൽത്ത് ഇൻസ്‌പെക്ടർ 9497764470, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 9656909088 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം .
മഴ ശക്തമായ സാഹചര്യത്തിൽ നഗരസഭയുടെ 26 വാർഡുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ചെയർപേഴ്‌സൺ രാധികാ ശ്യാം , കൗൺസിലർമാരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി നിർദ്ദേശങ്ങൾ നൽകി. കിഴക്കൻ വെള്ളത്തിന്റെ വരവോടെ വേമ്പനാട്ടുകായലിലും, മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. എന്നാൽ നിലവിൽ ആശങ്കയ്ക്ക് സാഹചര്യമില്ല. ഓരോ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സമിതിയെ വിളിച്ച്കൂട്ടി സംരക്ഷണ പ്രവർത്തനങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചു.
ചെയർപേഴ്‌സൺ രാധികാ ശ്യാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ സിന്ധു സജീവൻ, ആർ.സന്തോഷ്, ബി.ചന്ദ്രശേഖരൻ , എ.സി മണിയമ്മ, അശോകൻ വെള്ളവേലി, കെ.ബി ഗിരിജാകുമാരി, കവിതാ രാജേഷ്, രാജശ്രീ വേണുഗോപാൽ, ഏബ്രഹാം പഴേക്കടവൻ, മുൻസിപ്പൽ എഞ്ചിനീയർ ബി.ജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സ്മിത എന്നിവർ പങ്കെടുത്തു.