പൊൻകുന്നം:ഒറ്റ ദിവസംകൊണ്ട് പഴയിടം കോസ് വേയിൽ ഒഴുകിയെത്തിയത് ടൺകണക്കിന് മാലിന്യം.ഗതാഗതം തടസപ്പെട്ടതോടെ നാട്ടുകാർ ചേർന്ന് മാലിന്യം നീക്കി. പാലത്തിനടിയിൽ മാലിന്യംതങ്ങിനിന്നതുമൂലം ഒഴുക്ക് നിലച്ച് പാലത്തിനു മുകളിലൂടെ വെള്ളം ഒഴുക്കുതുടങ്ങി. ഇതോടെ മാലിന്യം മുഴുവൻ കൈവരികളിൽ തടഞ്ഞ് പാലത്തിനുമുകളിൽ അടിഞ്ഞുകൂടി.പാലം പൂർണമായും അടഞ്ഞ നിലയിലായി. പ്ലാസ്റ്റിക് കുപ്പികൾ, കൂടുകൾ, തെർമോക്കോൾ, തടിക്കഷണങ്ങൾ, ചാക്കുകെട്ടുകൾ തുടങ്ങി ടൺകണക്കിന് പാഴ് വസ്തുക്കളാണ് ഇവിടെയെത്തിയത്. ഉയരം കുറവായ പാലത്തിനടിയിൽ കുറെയേറെ പാഴ് വസ്തുക്കൾ കുടുങ്ങി. പിന്നീട് വന്ന മാലിന്യമെല്ലാം പാലത്തിന് മുകളിൽ തങ്ങിനിന്നു. കോസ് വേയ്ക്ക് മുകളിലൂടെ വെള്ളംകയറി ഗതാഗതം തടസപ്പെട്ടിരിക്കുകയായിരുന്നു. വെള്ളമിറങ്ങിയതിന് ശേഷവും മാലിന്യം മൂലം ഗതാഗതം പുന:സ്ഥാപിക്കാനായില്ല. എരുമേലി, മണിമല, ചിറക്കടവ് പഞ്ചായത്തുകളുടെ പരിധിയിലാണ് പഴയിടം കോസ് വേയുടെ ഇരുകരകളും. എന്നാൽ പഞ്ചായത്ത് അധികൃതരാരും മാലിന്യം നീക്കാൻ നടപടിയെടുത്തില്ല. തുടർന്ന് പ്രദേശവാസികൾ ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് ഇത് നീക്കം ചെയ്തു. ആക്രിക്കച്ചവടക്കാർ ഇതിന് മുൻപ് പ്ലാസ്റ്റിക് ഉൾപ്പെടെ നിരവധി മാലിന്യങ്ങൾ ഇവിടെ നിന്ന് മാറ്റി.