
കോട്ടയം. മയക്കുമരുന്ന് ഉപയോഗിച്ചവരെ ഉമിനീർപരിശോധനയിലൂടെ കണ്ടെത്തുന്ന അബോൺ കിറ്റ് വ്യാപകമായി ഉപയോഗിക്കാനുള്ള എക്സൈസ് തീരുമാനത്തിന് വഴിതെളിച്ചത് മുൻ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ.രാമചന്ദ്രന്റെ പൊതുതാത്പര്യ ഹർജി.
പൊതുതാത്പര്യം മുൻനിറുത്തി അയച്ച കത്ത് പരിഗണിച്ച് 2019 മാർച്ച് 21 ന് ഹൈക്കോടതി ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ സംസ്ഥാന പൊലീസ് ചീഫ്, എക്സൈസ് കമ്മിഷണർ തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി ഉണ്ടാകാത്തതിനാൽ രാമചന്ദ്രൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി ഇടപെടലോടെ അബോൺ മൾട്ടി ഡ്രഗ് കിറ്റ് 50 എണ്ണം വാങ്ങി പത്തെണ്ണം വീതം സിറ്റികളിൽ വിതരണം ചെയ്തുവെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. ഉമിനീർ പരിശോധിച്ച് കേസെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ കിറ്റുകൊണ്ട് കാര്യമില്ലെന്ന വിശദീകരണമായിരുന്നു അന്നത്തെ എക്സൈസ് മേധാവി നൽകിയത്. എന്നാൽ, ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്താണ് ലഹരിമരുന്നു വില്പന നടക്കുന്നതെന്ന വിവരം, മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പ്, ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം, ജാമ്യത്തിന്റെ കണക്ക് എന്നിവ വിശദമായ റിപ്പോർട്ടായി സർക്കാർ നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിന് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല എന്നായിരുന്നു സർക്കാരിന്റെ മറുപടി. ഇത് ചോദ്യം ചെയ്തും രാമചന്ദ്രൻ കോടതിയിലെത്തി .
500 രൂപ റേഞ്ചേ ഒരു കിറ്റിന് വില വരൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിറ്റ് നൽകിയാൽ പരിശോധനയിൽ പിടിക്കപ്പെടുമെന്ന പേടി വിദ്യാർത്ഥികൾക്കുണ്ടാകും. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കോടികൾ ചെലവഴിച്ചുള്ള ഇപ്പോഴത്തെ ബോധവത്ക്കരണത്തിലും പ്രയോജനം കിറ്റ് വ്യാപകമാക്കിയാൽ ലഭിക്കുമെന്ന് പ്രവർത്തനമികവിന് പ്രസിഡന്റിന്റെ അവാർഡ് രണ്ട് തവണ നേടിയ രാമചന്ദ്രൻ പറഞ്ഞു.
സിന്തറ്റിക് ലഹരി പരിശോധനാ കിറ്റുകൾ.
അബോൺ കിറ്റ്.
ഉമിനീർ പരിശോധനയിൽ നിറവ്യത്യാസം നോക്കി ഉപയോഗിച്ച ലഹരി മരുന്ന് കണ്ടെത്താം.
മൾട്ടി പാനൽ കിറ്റുകൾ.
ഹെറോയിൻ, കൊക്കെയിൻ, ആംഫീറ്റമിൻ, മെത്താം ഫിറ്റമിൻ, കാനാബിസ്, മെത്തഡോൺ, കറുപ്പ് ഉപയോഗം തിരിച്ചറിയാം .
മൂത്ര പരിശോധന.
ബാഷ്പീകരിക്കാൻ ഇടയുള്ളതാണ് എൽ.എസ്.ഡി എങ്കിലും മൂത്രപരിശോധനയിലൂടെ കണ്ടെത്താം.
മുൻ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ.രാമചന്ദ്രൻ പറയുന്നു.
മയക്കുമരുന്നിനടിമപ്പെട്ട് കേരളത്തിൽ നടന്ന നിരവധി കൊലപാതങ്ങൾ,ആത്മഹത്യകൾ, മാനഭംഗപ്പെടുത്തലുകൾ,റോഡ് അപകടങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കണക്കുകളും പത്ര വാർത്തകളും മയക്കുമരുന്നു വ്യാപനത്തിനെതിരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലും, ഗുജറാത്തിലെ വഡോദരയിൽ മൾട്ടി ഡ്രഗ് കിറ്റുകൾ വ്യാപകമായി ഉപയോഗിച്ച് വിജയിച്ചതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കി. കേരള പൊലീസിൽ മൾട്ടി ഡ്രഗ് കിറ്റുകൾ ആവശ്യത്തിന് ഉണ്ടായിരുന്നെങ്കിൽ പല കുറ്റവാളികൾക്കും കനത്ത ശിക്ഷ ലഭിക്കുമായിരുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.