
കോട്ടയം. കിഴക്കൻ വെള്ളം അതിശക്തമായി വീടുകളിലേയ്ക്ക് ഒഴുകി കയറിയതോടെ പടിഞ്ഞാറൻ മേഖല പകച്ചു നിൽക്കുകയാണ്. മീനച്ചിലാറ്റിലെ വെള്ളം ഇല്ലിക്കൽ,തിരുവാർപ്പ് മേഖലകളെ പൂർണമായും വിഴുങ്ങി. മൂവാറ്റുപുഴയാറ്റിൽ നിന്നുള്ള വെള്ളം വൈക്കം പ്രദേശങ്ങളിലും ഭീഷണി ഉയർത്തുകയാണ്. കുമരകം ഭാഗത്തേയ്ക്ക് വെള്ളമെത്തുമെന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.
പാലാ പ്രദേശങ്ങളിൽ മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നെങ്കിലും ഏറ്റുമാനൂർ, പേരൂർ പ്രദേശങ്ങളിൽ ഉയർന്നു. ഉരുൾപൊട്ടാത്തത് കിഴക്കൻ മേഖലയ്ക്ക് ആശ്വാസമായപ്പോൾ രാത്രിയും പകലുമായി മഴ തുടർച്ചയായി പെയ്തതോടെ രാവിലെ ഇല്ലിക്കൽ തിരുവാർപ്പ് മേഖലകളിൽ പൂർണമായും വെള്ളം കയറി. അയർക്കുന്നം, മണർകാട്, വിജയപുരം, തിരുവാർപ്പ്, അയ്മനം ആർപ്പൂക്കര, കുമരകം പഞ്ചായത്തുകളും, കോട്ടയം ഏറ്റുമാനൂർ നഗരസഭാ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. കായലിൽ നിന്ന് പഴുക്കാനിലം ഭാഗത്തേയ്ക്ക് തിരികെ വെള്ളം ആറ്റിലേയ്ക്ക് കയറുന്നതും വെല്ലുവിളിയാകുന്നുണ്ട്. മീനച്ചിലാറിന്റെ കൈവഴികളും പ്രദേശത്തെ പാടങ്ങളും നിറഞ്ഞു കവിഞ്ഞു. ഇല്ലിക്കൽ, കാഞ്ഞിരം, തിരുവാർപ്പ് പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഇവിടുത്തെ ചെറുവഴികളിലും തോടുകളിലുമെല്ലാം വെള്ളമാണ്. വീടുകളിൽ ഒറ്റപ്പെട്ടു പോയവരെ വെള്ളം നിറഞ്ഞ റോഡിലൂടെ വള്ളത്തിലാണ് രക്ഷിച്ച് ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നത്. കുമരകം, വൈക്കം പ്രദേശങ്ങളിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു. വീട്ടിലെ സാധനങ്ങൾ മാറ്റിയും ആടുമാടുകളെയും വളർത്തു മൃഗങ്ങളേയും സുരക്ഷിതമായി മാറ്റി പാർപ്പിച്ചും ആശങ്കയോടെയാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർ ക്യാമ്പുകളിലേയ്ക്ക് മാറുന്നത്. ഇന്ന് മുതൽ ഇവിടെ കൂടുതൽ ക്യാമ്പുകൾ തുറക്കും. വേമ്പനാട്ടുകായലിൽ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി വി.എൻ.വാസവനാണ് കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മഴ കുറഞ്ഞതിന്റെ ആശ്വാസത്തിൽ മലയോരം.
മുണ്ടക്കയം. കഴിഞ്ഞ 3 ദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയ്ക്ക് അൽപം ശമനമുണ്ടായത് മലയോര മേഖലയ്ക്ക് ആശ്വാസമായി. പുല്ലകയാറ്റിലേയും മണിമലയാറ്റിലേയും ജലനിരപ്പ് താഴ്ന്നു. മുൻ അനുഭവമുള്ളതിനാൽ ക്യാമ്പുകളിലുള്ളവർ മടങ്ങിയിട്ടില്ല. മഴ വീണ്ടും ശക്തിപ്പെട്ടാൽ മാറ്റി പാർപ്പിക്കേണ്ടവരുടെ ലിസ്റ്റും, കൂടുതൽ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും റവന്യൂ വകുപ്പ് നടത്തിയിട്ടുണ്ട്. ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് യൂണിറ്റും മുണ്ടക്കയത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
37 ക്യാമ്പുകളിൽ 828 പേർ.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 37 ആയി. മീനച്ചിൽ താലൂക്കിൽ 18, കാഞ്ഞിരപ്പള്ളി 4, കോട്ടയം 15 എന്നിങ്ങനെയാണ് ക്യാമ്പുകൾ. 261 കുടുംബങ്ങളിലായി 828 പേർ ക്യാമ്പുകളിലുണ്ട്. 340 പുരുഷന്മാരും 359 സ്ത്രീകളും 129 കുട്ടികളുമുൾപ്പെടുന്നു.