
കോട്ടയം. മഴ തുടർന്നാൽ തങ്ങളുടെ അദ്ധ്വാനമെല്ലാം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് തിരുവാർപ്പിലെ നെൽകർഷകർ. തട്ടായിക്കാട് -വെങ്ങായിക്കാട് -മണലടി പാടശേഖരമാണ് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. വെള്ളമുയർന്ന് പാടത്തുകയറിയാൽ 375 ഏക്കർ നെൽകൃഷി നശിച്ചുപോകും. അതിനാൽ, കട്ട നിറച്ച ചാക്ക് നിരത്തി പാടത്തേക്കുള്ള ഒഴുക്ക് തടയാനുള്ള ശ്രമത്തിലാണ് കർഷകർ. കൈയിലുള്ളതെല്ലാം വിറ്റാണ് കൃഷി ചെയ്തത്. ബണ്ടിന് മുകളിലൂടെ വെള്ളം വന്നാൽ അത് താങ്ങാൻ പറ്റില്ല. കൃഷിയെല്ലാം നശിച്ചുപോകും. വെളുപ്പിനെ അഞ്ചു മണി മുതൽ ബണ്ട് കെട്ടാൻ തുടങ്ങിയതാണെന്ന് അവർ പറയുന്നു.
സമീപമുള്ള തോട് കരകവിഞ്ഞാണ് പാടത്തേയ്ക്ക് വെള്ളം ഒഴുകുന്നത്. പത്തു വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം കൃഷിയിറക്കുന്നത്. അപ്പോഴാണ് മഴ വില്ലനായത്. സാധാരണക്കാരായ കർഷകർക്ക് രണ്ട് കൃഷി ചെയ്താലേ പ്രയോജനമുള്ളൂ. നടീൽ പൂർത്തിയായി രണ്ടാം വളമിട്ട് കഴിഞ്ഞ ഈ സമയം കൂടുതൽ പരിപാലനം ആവശ്യമാണ്. പെട്ടെന്നുണ്ടായ മഴയിൽ വെള്ളം ഉയർന്നുതുടങ്ങിയതോടെ ഏതുവിധേനയും കൃഷി സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് .
പാടശേഖര സമിതി കൺവീനർ പ്രസന്നൻ പറയുന്നു.
വെള്ളമുയർന്ന് പാടത്തേക്ക് കയറുമെന്ന അവസ്ഥയാണ്. അതിനെ പ്രതിരോധിക്കാനായി കർഷകരെല്ലാം ചേർന്ന് ബണ്ട് നിർമ്മിക്കുകയാണ്. രൂക്ഷമായ പ്രതിസന്ധിയാണിവിടെ .