കുമരകം: കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തീർത്ത താത്ക്കാലിക ബണ്ട് മൂലം നീരൊഴുക്ക് തടസപ്പെട്ടത് ജലനിരപ്പ് അപകടകരമാംവിധം ഉയരാൻ കാരണമാകുമെന്ന് നാട്ടുകാർ. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ആറ്റാമംഗലം പള്ളിയ്ക്കു സമീപം കോട്ടത്തോട് - മുത്തേരിമട തോടിന് കുറുകെ നിർമ്മിച്ച താത്ക്കാലിക ബണ്ടുകൾ പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിരിപ്പ് കൃഷിയിറക്കിയ ഇടവട്ടം, കൊല്ലകേരി, പടിഞ്ഞാട്ട് കാട് പടശേഖരങ്ങൾക്കും താത്ക്കാലിക ബണ്ട് ഭീഷണിയാണ്. നീരൊഴുക്ക് തടസപ്പെട്ടത് കുമരകത്തിന്റെ തെക്ക്-കിഴക്ക് മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി ശക്തമായത് ആശങ്ക ഇരട്ടിയാക്കുന്നു. നെൽകൃഷി നടക്കുന്ന പാടശേഖരങ്ങളിലെ വെള്ളവും തോടുകളിലേയ്ക്ക് എത്തുന്നതോടെ ജലനിരപ്പ് ഉയർന്ന് കൃഷിനാശവും ജനവാസ കേന്ദ്രങ്ങളിൽ വെള്ളക്കെട്ടും ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.