തിരുവാർപ്പിൽ ക്യാമ്പുകൾ തുറന്നു

കോട്ടയം. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ദുരിതത്തിന് അറുതിയില്ല. കിഴക്കൻ പ്രദേശങ്ങളിൽ പെയ്യുന്ന കനത്ത മഴയും ഉരുൾപൊട്ടലുമാണ് കോട്ടയം നഗരഹൃദയത്തോട് ചേർന്ന് കിടക്കുന്ന മീനച്ചിലാറിന്റെ തീരത്തുള്ളവരെ ആശങ്കയിലാഴ്ത്തുന്നത്.

ഇല്ലിക്കൽ, വേളൂർ, കാഞ്ഞിരം പ്രദേശങ്ങളിലുള്ളവർക്കാണ് ഏറെ ദുരിതം. തിരുവാർപ്പ് മേഖലയെയും പ്രളയം ബാധിച്ചു. തിരുവാർപ്പ് പഞ്ചായത്തിന്റെ 18 വാർഡുകളിൽ വെള്ളം കയറി. കുമ്മനം, ചെങ്ങളം, കാഞ്ഞിരം, തിരുവാർപ്പ്, ഇല്ലിക്കൽ തുടങ്ങി പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളും വെള്ളത്തിലാണ്. തിരുവാർപ്പ് മേഖലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവാർപ്പ് ഗവയു.പി സ്‌കൂളിൽ 22 പേരും സെന്റ് തോമസ് യാക്കോബായ പള്ളിയുടെ പാരിഷ് ഹാളിൽ19 പേർരും കഴിയുന്നുണ്ട്.

കുമരകം റോഡിൽ ഇല്ലിക്കൽ, ആമ്പക്കുഴി ഭാഗത്ത് റോഡിൽ വെള്ളം കയറിയതോടെ വാഹന ഗതാഗതം ഏതുസമയവും സ്തംഭിക്കാവുന്ന നിലയിലാണ്. ഇല്ലിക്കൽ, ചെങ്ങളം കവലകളിൽ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കല്ലുപുരക്കൽ, പാറപ്പാടം, താഴത്തങ്ങാടി ഭാഗങ്ങളിലും വെള്ളത്തിലായി.

മാണിക്കുന്നം, കല്ലുപുരക്കൽ, പാണംപടി, മലരിക്കൽ ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കുമരകത്ത് ക്യാമ്പുകൾ സജ്ജമാണ്. താമരശേരി കോളനിയിലുള്ള ആളുകളെ ക്യാമ്പിലേക്ക് മാറ്റി. വളർത്തുമൃഗങ്ങളെ പലരും കഴിഞ്ഞദിവസം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.