രാമപുരം: പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടാക്രമിച്ച സംഭവത്തിൽ പ്രതികളെ സംബന്ധിച്ച് സൂചനകളില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം സംഭവം ക്വട്ടേഷൻ ആക്രമണം ആണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
യു.ഡി.എഫിൽ നിന്ന് ഷൈനി സന്തോഷ് എൽ.ഡി.എഫിലേക്ക് വന്ന് പ്രസിഡന്റ് ആയതിന്റെ വിരോധത്തിൽ കരുതിക്കൂട്ടി നടത്തിയ ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതേതുടർന്നാണ് ഷൈനി സന്തോഷും കുടുംബാംഗങ്ങളും സംശയം പറഞ്ഞ ചിലരുൾപ്പെടെ 15 ഓളം പേരെ രാമപുരം സി.ഐ കെ.എൻ രാജേഷ്, എസ്.ഐ പി.എസ് അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ സംഭവത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെങ്കിൽ അവരെ ആര് നിയോഗിച്ചു എന്നുള്ളതും പ്രധാനമാണ്. ഇന്നും ഏതാനും പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ അന്വേഷണത്തിന് നേതൃത്വം നൽകിയ രാമപുരം സി.ഐ കെ.എൻ. രാജേഷ് രണ്ട് ദിവസത്തിള്ളിൽ സ്ഥലംമാറും. മൂവാറ്റുപുഴ റൂറലിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് നേരത്തെ തന്നെ പൊലീസ് വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു.
പുതിയ സി.ഐ ചാർജ്ജ് എടുക്കും വരെ രാമപുരം എസ്.ഐ. പി.എസ് അരുൺകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരും. അതാത് ദിവസത്തെ അന്വേഷണ പുരോഗതി പാലാ ഡിവൈ.എസ്.പി. ഗിരീഷ് പി. സാരഥി വിലയിരുത്തുന്നുണ്ട്.