
കോട്ടയം. ജില്ലയിൽ മൂന്ന് ദിവസത്തിനിടെ പ്രളയജലത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ജില്ലാ പൊലീസ് . റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കുട്ടികളോ മുതിർന്നവരോ കുളിക്കാനോ മീൻപിടിക്കാനോ വെള്ളത്തിൽ ഇറങ്ങരുതെന്നാണ് പ്രധാന നിർദേശം.
പ്രളയ ജലത്തിൽ ഒഴുകി വരുന്ന സാധനങ്ങൾ പിടിക്കുന്നതിനിടെ കൂട്ടിക്കലിൽ ഒരാളും കുളിക്കുന്നതിനിടെ മണർകാടും വൈക്കത്തുമായി ഓരോരുത്തർ വീതവും ഇതുവരെ മരിച്ച സാഹചര്യത്തിലാണിത്.
നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ പോകരുത്. മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മണ്ണിടിച്ചിലിന് സാദ്ധ്യത ഉള്ളതിനാൽ മതിലുകൾ, കുന്നിൻ ചെരിവുകൾ, മൺതിട്ടകൾ എന്നിവിടങ്ങളിൽ നിന്ന് അകലം പാലിക്കണം. പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും ഹെൽപ്പ് ലൈൻ നമ്പറുകൾ ഫോണിൽ സൂക്ഷിക്കണം.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.
24 മണിക്കൂറും സേവന സജ്ജരായി ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സ്കൂളുകൾക്ക് അവധിയായതിനാൽ മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.