കോട്ടയം: മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലെ മഴക്കെടുതിയും ഉരുൾപൊട്ടൽമൂലം നാശവും നേരിട്ട പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ തകർന്ന മൂന്നിലവ് -കടപ്പുഴ പാലം പുനർനിർമിക്കാൻ
പട്ടികജാതി പട്ടികവർഗ വകുപ്പിൽനിന്ന് തുക അനുവദിക്കും. മൂന്നിലവ് ടൗണിൽ വെള്ളം കയറാൻ കാരണമായ മീനച്ചിലാറിലെ ചെക്ക് ഡാം പൊളിച്ചു മാറ്റാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

മേലുകാവ് -വാകക്കാട് -കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലവും എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പും മന്ത്രി സന്ദർശിച്ചു. മഴക്കെടുതിയിൽ വളർത്തു മൃഗങ്ങളും പന്നി ഫാമും വാഹനവും ഒലിച്ചുപോയ വാകക്കാട് വയമ്പള്ളിൽ ഔസേഫിന്റെ വീടും കൃഷിയിടവും സന്ദർശിച്ച് നഷ്ടപരിഹാരം ഉറപ്പ് നൽകി. മൂന്നിലവ് ടൗണിലെ വെള്ളം കയറിയ കടകളും മന്ത്രി സന്ദർശിച്ചു.