കോട്ടയം: മീനച്ചിലാർ കരകവിഞ്ഞ് നാഗമ്പടം ക്ഷേത്രമുറ്റത്തെത്തിയതോടെ കരിവീരൻ കിരൺ നാരായണൻകുട്ടിക്ക് വിസ്തരിച്ച് നീരാടാനായി. കൊമ്പുകുലുക്കി തുമ്പിക്കൈ വീശി വെള്ളംചീറ്റിത്തെറിപ്പിച്ചു. കുളികഴിഞ്ഞതോടെ ഉടമയും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റുമായ എം.മധുവിന്റെ സ്നേഹത്തലോടലും മധുരവും. തേക്കുംപാലം കടവിലാണ് ആനയെ സ്ഥിരമായി കുളിപ്പിക്കാറ്. ജലനിരപ്പ് ഉയർന്നതോടെയാണ് നാരായണൻകുട്ടിയെ രണ്ട് ദിവസം മുമ്പ് നാഗമ്പടത്തേയ്ക്ക് മാറ്റിയത്. പാപ്പാന്മാരായ ചാലച്ചിറ രാജീവ്‌, ഹരി, ക്രിസ്റ്റി, കണ്ണൻ എന്നിവർ ചേർന്നാണ് ആനയെ പരിപാലിക്കുന്നത്. ആനക്കുളി നാട്ടുകാർക്കും കൗതുക കാഴ്ചയായി. മഹാദേവനെ വണങ്ങിയ നാരായൺകുട്ടിക്ക് ഒന്നാം പാപ്പാൻ ചന്ദനം തൊട്ടുനൽകി. പ്രസാദമായി ശർക്കരയും പഴവും സ്വീകരിച്ചു. തേക്കുംപാലത്ത് ജലനിരപ്പ് താഴുംവരെ നാരായൺകുട്ടി ക്ഷേത്രത്തിലുണ്ടാവും.