
കോട്ടയം. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടക്കണക്കുകൾ 12നകം നൽകണമെന്ന് അവലോകന യോഗത്തിൽ മന്ത്രി കെ.രാജൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ മുന്നറിയിപ്പുള്ളതിനാൽ വില്ലേജ് ഓഫീസ് ജീവനക്കാർ ഓഫീസ് പരിസരത്തുതന്നെ താമസിക്കണം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടുന്നതിനാണിത്. വില്ലേജുകളിലെ ജനകീയ സമിതികളെ സജീവമാക്കണം. താലൂക്കുതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ഫലപ്രദമായി പ്രശ്‌നങ്ങളിൽ ഇടപെടുന്ന നിലയിൽ പ്രവർത്തിക്കണം. ഇവിടെ ഫയർഫോഴ്‌സ്, പൊലീസ്, കെ.എസ്.ഇ.ബി., വനം, ആരോഗ്യം വകുപ്പുകളിൽനിന്നുള്ളവരെക്കൂടി നിയോഗിക്കണം. ദുരിതമേഖലകളിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പുവഴി നടപടി സ്വീകരിക്കണം. ഫാമുകളുണ്ടെങ്കിൽ അവയ്ക്ക് സംരക്ഷണമൊരുക്കാനുള്ള നടപടി വേണമെന്നും മന്ത്രി പറഞ്ഞു.