അമനകര: ഒടിഞ്ഞുതൂങ്ങി നിൽക്കുന്ന വൻമരങ്ങളെ പേടിച്ചിട്ട് ഇതുവഴി ആർക്കും പോകാനാവാത്ത അവസ്ഥ. രാമപുരം കൂത്താട്ടുകുളം റോഡിൽ അമനകരയിലാണ് റോഡുവക്കിൽ ഭീഷണിയായി മരങ്ങളുള്ളത്.

ഇന്നലെ റോഡരുകിൽ നിന്ന വൻമരം മഴയിൽ റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. തുടർന്ന് മുൻ ഗ്രാമപഞ്ചായത്ത് ബെന്നി തെരുവത്ത് അംഗം അറിയിച്ചതിനെ തുടർന്ന് കൂത്താട്ടുകുളം, പാലാ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘമെത്തിയാണ് മരം വെട്ടിനീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

പാതയോരത്ത് വൻമരങ്ങളും അവയുടെ ഉണങ്ങിയ ശിഖരങ്ങളും വീണ് ഗതാഗതതടസം പതിവാണ്. പലതവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും മരങ്ങൾ വെട്ടിമാറ്റാൻ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഇന്നലെ തലനാരിഴയ്ക്കാണ് ഒരു കാർ മരക്കൊമ്പ് വീണ്ടുായ അപകടത്തിൽ നിന്നും രക്ഷപെട്ടത്.

ഉടൻ വെട്ടിനീക്കണം

രാമപുരം കൂത്താട്ടുകുളം റൂട്ടിൽ വഴിയരുകിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ എത്രയുംവേഗം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടം പി.ഡബ്ലി.യു.ഡി, വനംവകുപ്പ് അധികാരികൾക്ക് പരാതി കൊടുത്തു.