
പാലാ . പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. പാലാ നഗരസഭയുടെ ന്യായവില ഭക്ഷണശാലയോട് തൊട്ടുചേർന്നാണ് റോഡിൽ വലിയ കുഴി രൂപം കൊണ്ടത്. ഭീകരശബ്ദം കേട്ട് നോക്കിയപ്പോൾ ഈ ഭാഗത്ത് മണ്ണ് ഇടിഞ്ഞുതാഴുന്നതും പൊടിപടലങ്ങളും മറ്റും ഉയരുന്നതുമാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മാലിന്യം കെട്ടിക്കിടന്നതിന്റെ ദുർഗന്ധവും ഉണ്ടായിരുന്നു.
തുടർന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ്, വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലർമാരും മുനിസിപ്പൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാലാ സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ പൊലീസും, ആർ.ഡി.ഒ. രാജേന്ദ്ര ബാബുവും സ്ഥലത്തെത്തി ഈ ഭാഗം കയർകെട്ടി തിരിച്ചു. ന്യായവില ഭക്ഷണശാല അടച്ചു. ഉച്ചതിരിഞ്ഞ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സി. എൻജിനിയർ തോമസിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാർ ജെ.സി.ബി കൊണ്ട് കുഴി വലുതാക്കി. പത്തടിയോളം താഴ്ചയുണ്ടിപ്പോൾ. ഈ ഭാഗത്ത് വലിയൊരു ഓടയുള്ളതിനാൽ മറ്റ് സുരക്ഷാകാര്യങ്ങൾ കൂടി നോക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എ.ഇ കേരളകൗമുദിയോട് പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പേ വലിയ ഓടയുണ്ട് . രവി പാലാ.
പതിറ്റാണ്ടുകൾക്ക് മുൻപ് വാട്ടർ അതോറിറ്റി ട്രീറ്റുമെന്റ് പ്ലാന്റിൽ നിന്നുള്ള ഡ്രെയിനേജ് വെള്ളം ഒഴുക്കിവിടാൻ ഇവിടെ ഓട നിർമ്മിച്ചിരുന്നുവെന്ന് മുൻ മുനിസിപ്പൽ കമ്മിഷണർ രവി പാലാ പറഞ്ഞു. വലിയ ഈ ഓട കടന്നുപോകുന്നതിന്റെ മേൽഭാഗമാണ് ഇപ്പോൾ പൊട്ടിയതായി കരുതുന്നത്. അതിനാൽ ശ്രദ്ധയോടെ വേണം പണികൾ നടത്താൻ. അല്ലാത്തപക്ഷം ന്യായവില ഭക്ഷണശാല മന്ദിരത്തിന്റെ നിലനില്പിന് അപകടമായേക്കാം അദ്ദേഹം പറഞ്ഞു.
ഒഴിവായത് വൻദുരന്തം.
സാധാരണഗതിയിൽ 5 രൂപയ്ക്ക് ഇഡ്ഡലിയും 20 രൂപയ്ക്ക് ഊണും കിട്ടുന്ന ന്യായവില ഭക്ഷണശാലയ്ക്ക് മുന്നിൽ രാവിലെ മുതൽ പാഴ്‌സലും മറ്റും വാങ്ങാൻ ആളുകളുടെ തിരക്കുണ്ടാകാറുണ്ട്. എന്നാൽ ഇന്നലെ കനത്ത മഴയായതിനാൽ ആളില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. താല്ക്കാലികമായി ന്യായവില ഭക്ഷണശാലയുടെ ഇവിടുത്തെ പ്രവർത്തനം അവസാനിപ്പിച്ചതായും തത്കാലം മുനിസിപ്പൽ ഓഫീസിന് മുന്നിൽ തന്നെ ന്യായവിലയ്ക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണം ചെയ്തതായും നഗരസഭ ചെയർമാൻ ആന്റോ ജോസ് പറഞ്ഞു.